എല്ലാ കലകളേയും ഗുരുദേവൻ പ്രോത്സാഹിപ്പിച്ചു: സ്വാമി സച്ചിദാനന്ദ
ശിവഗിരി : കഥാപ്രസംഗകല ഉൾപ്പെടെ എല്ലാ കലകളേയും ശ്രീനാരായണ ഗുരുദേവൻ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കഥാപ്രസംഗകല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലം ശിവഗിരി മഠത്തിൽ നടത്തുന്ന ആഘോഷങ്ങളുടെ ഒക്ടോബർ മാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഗുരുദേവന്റെ അനുഗ്രഹത്തോടെ കഥാപ്രസംഗ രംഗത്ത് നിലയുറപ്പിച്ച സത്യദേവനെ തുടക്കത്തിൽ കുമാരനാശാനുമായും പിന്നാലെ ഡോ. പല്‍പ്പു , പണ്ഡിറ്റ് കറുപ്പൻ എന്നിവരുമായി ബന്ധപ്പെടുത്തി ഹരികഥാ രംഗത്ത് നിന്നും കഥാപ്രസംഗ മേഖലയിൽ എത്തിച്ചത് ഗുരുദേവനായിരുന്നു. സാമൂഹിക പരിവർത്തനത്തിന് വലിയ സംഭാവന നല്‍കിയ കഥാപ്രസംഗ കലയെ പ്രോത്സാഹിപ്പിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. കാഥികൻ ജോസ് കല്ലട കൊല്ലം ബാബു അനുസ്മരണം നടത്തി. കേരള യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ശരൺ തമ്പി ബാല്യകാലസഖി കഥാപ്രസംഗം അവതരിപ്പിച്ചു. ഷോണി.ജി.ചിറവിള, അഡ്വ.സജിനാഥ്, കവി ശിവരാജൻ, ജി.മനോഹർ, അജയകുമാർ.എസ്. കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ശിവഗിരി മഠത്തിൽ കഥാപ്രസംഗ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.