കലൂർ സ്റ്റേഡിയം നവീകരണം:  പൊലീസിൽ പരാതി

Saturday 01 November 2025 5:44 AM IST

കൊച്ചി: കലൂർ സ്റ്റേഡിയം കൈയേറി അനധികൃത നിർമ്മാണം നടത്തിയെന്നാരോപിച്ച് റി​പ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി​ ഉടമ ആന്റോ അഗസ്റ്റിനും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയ്ക്കുമെതിരേ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പൊതുസ്ഥലം കൈയേറി, പൊതു സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിർമ്മാണ പ്രവർത്തനം നടത്തി തുടങ്ങിയ കാര്യങ്ങൾ ഉന്നയി​ച്ചാണ് പരാതി​.

സ്റ്റേഡിയത്തിലെ സീറ്റും ഫ്ളഡ്‌ലൈറ്റും നീക്കം ചെയ്തു, സ്റ്റേഡിയം നവീകരണം നടത്തുന്നതും കൈകാര്യം ചെയ്യുന്നതും താനാണെന്ന് സ്പോൺസർ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. വില പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായി സംശയമുണ്ട്. അനുമതി​യി​ല്ലാതെ സ്വകാര്യ വ്യക്തിക്കോ കമ്പനിക്കോ രാജ്യാന്തര സൗഹൃദ മത്സരം നടത്താനാവില്ല. ജി.സി.ഡി.എ ചെയർമാനും സ്പോൺസറും ഗൂഢാലോചന നടത്തി. നിരവധി തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്പോൺസർക്ക് നിയമവിരുദ്ധമായി രാജ്യാന്തര സ്റ്റേഡിയം വിട്ടുകൊടുത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.