കേരളം ഇനി പട്ടിണിക്കാർ ഇല്ലാത്ത സംസ്ഥാനം: നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി, ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനമായ ഇന്നുചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങൾ ലംഘിച്ചാണ് സഭാ സമ്മേളനം ചേർന്നതെന്നും ആരോപിച്ചായിരുന്നു ബഹിഷ്കരണം.
പ്രതിപക്ഷ ബഹിഷ്കരണത്തെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി എംബി രാജേഷ് വിമർശിച്ചത്. കേരളപ്പിറവി ദിനത്തിൽ കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്നാണ് എംബി രാജേഷ് പറഞ്ഞത്. തുടർന്ന് കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനമായുള്ള പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. 'നടപ്പാക്കാവുന്ന കാര്യങ്ങൾ എന്താണോ അതേ പറയാവൂ. ഈ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകുന്ന അംഗീകാരത്തിന്റെ അടിസ്ഥാനം എന്താണോ പറഞ്ഞത് അത് നടപ്പാക്കുമെന്നുള്ളതാണ്'. പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്നുപറഞ്ഞുകൊണ്ടുതന്നെ മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
ഇന്നുവൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന വേളയിൽ വിശിഷ്ടാതിഥികളായി താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പങ്കെടുക്കും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.
നാല് വർഷത്തെ സുദീർഘമായ നടപടിയിലൂടെയാണ് അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി എം.ബി.രാജേഷ് ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ മന്ത്രിസഭയിലെടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. വിശദമായ മാർഗരേഖയും പുറത്തിറക്കിയിരുന്നു.