ജെമീമ റോഡ്രിഗസ് നന്ദി പറഞ്ഞത് യേശുവിന്; ജയ് ശ്രീറാം എന്നാണ് വിളിച്ചതെങ്കിലോയെന്ന് ബിജെപി വക്താവ്

Saturday 01 November 2025 11:39 AM IST

ചെന്നൈ: ഓസ്‌ട്രേലിയയ്ക്കെതിരായ വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ബാറ്റർ ജെമീമ റോഡ്രിഗസിനെ വിമർശിച്ച് ബിജെപി നേതാവും നടിയുമായ കസ്‌തൂരി ശങ്കർ. മത്സരത്തിലെ വിജയശില്‍പ്പിയായതിന് ശേഷം താരം വൈകാരിക പ്രതികരണം നടത്തിയിരുന്നു. ദൈവത്തിനും തന്റെ മാതാപിതാക്കള്‍ക്കും പരിശീലകനും നന്ദി പറഞ്ഞ ജെമീമ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു. താരം ദൈവത്തിന് നന്ദി പറഞ്ഞതിലാണ് ബിജെപി നേതാവിന്റെ വിമർശനം.

'ഞാൻ യേശുവിൽ വിശ്വസിക്കുന്നു. ഇന്ന് 339 എന്ന കൂറ്റൻ റൺസ് പിന്തുടർന്ന് വിജയം നേടാൻ യേശു എന്നെ സഹായിച്ചു. ഇനി ഫൈനലിനുള്ള സമയമാണ്'-എന്നായിരുന്നു മത്സരശേഷം ജമീമ പറഞ്ഞത്. ഇതിലാണ് നടിയുടെ വിമർശനം.'ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ. എന്നാൽ ജയ് ശ്രീറാം, ഹർ ഹർ മഹാദേവ്, സത് ശ്രീ അകാൽ എന്നിങ്ങനെയാണ് പറഞ്ഞിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്നാണ് ഞാൻ ആലോചിക്കുന്നത്. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ?'- എന്നാണ് കസ്‌‌തൂരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.