ശ്രേയസ് അയ്യർ ആശുപത്രി വിട്ടു; ഇന്ത്യയിലേയ്ക്ക് ഉടൻ മടങ്ങുമോയെന്നതിൽ പ്രതികരണവുമായി ബിസിസിഐ
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്‌ടൻ ശ്രേയസ് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുകയാണെന്നും ചികിത്സയ്ക്കായി സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യാനാകുമ്പോൾ മാത്രമേ അയ്യർ ഇന്ത്യയിലേയ്ക്ക് മടങ്ങൂവെന്നും ബോർഡ് അറിയിച്ചു.
'ശ്രേയസ് അയ്യർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകൾക്കൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായതിൽ സന്തുഷ്ടരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടർനടപടികൾക്കായി ശ്രേയസ് സിഡ്‌നിയിൽ തന്നെ തുടരും. പറക്കാൻ ആരോഗ്യം മികച്ചതാകുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങും'- ബിസിസിഐ അറിയിച്ചു.
അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ അയ്യരുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈമുട്ടും വാരിയെല്ലുകളും ഇടിച്ച് വീണതാണ് പരിക്കിന് കാരണമായത്. തുടർന്ന് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സ്‌കാനിംഗിൽ പ്ലീഹയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം അയ്യർ തന്റെ ആരോഗ്യവിവരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 'സുഖം പ്രാപിച്ച് വരികയാണ്. എനിക്ക് ലഭിക്കുന്ന ആശംസകളിലും പിന്തുണയിലും അങ്ങേയറ്റം നന്ദിയുള്ളവനാണ്. ചിന്തകളിൽ എന്നെ നിലനിർത്തിയതിന് നന്ദി'- എന്നാണ് അയ്യർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.