എറണാകുളത്ത് ഇന്നോവയുമെടുത്ത് പതിനാറുകാരൻ റോഡിലിറങ്ങി, അപകട പരമ്പര, വൃദ്ധയ്ക്ക് ഗുരുതര പരിക്ക്

Saturday 01 November 2025 1:04 PM IST

കൊച്ചി: ഇന്നോവ ക്രിസ്റ്റയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ ഉണ്ടാക്കിയത് അപകടപരമ്പര. ഇന്നുരാവിലെ എറണാകുളം ചെറായിയിലാണ് സംഭവം. ഒരു വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി വാഹനങ്ങളെ ഇടിച്ചിട്ട് കിലോമീറ്റുകളോളം പാഞ്ഞ കാർ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മരണപ്പാച്ചിലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പതിനാറുകാരന്റെ അച്ഛന്റെപേരിലുള്ളതാണ് കാർ. വീട്ടുകാർ അറിയാതെ കാറുമെടുത്ത് പുറത്തിറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലക്കുംലഗാനുമില്ലാതെയാണ് കാറോടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടപരമ്പരയുണ്ടാക്കിയതോടെയാണ് വാഹനം തടയാൻ നാട്ടുകാരും വഴിയാത്രക്കാരും ശ്രമിച്ചത്. എന്നാൽ ഇവർക്കുനേരെ കാറോടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. കായംകുളം രജിസ്ട്രേഷനുള്ള കാറിൽ ഡ്രൈവർ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് ഉണ്ടായിരുന്നത്. കലൂരിൽ താമസിക്കുന്ന ഇവരെയും അപകടമുണ്ടാക്കിയ വാഹനവും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.