തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ പത്താംക്ലാസ് വിദ്യാ‌ർത്ഥിനിക്ക് ദാരുണാന്ത്യം, പിതാവിന് ഗുരുതര പരിക്ക്

Saturday 01 November 2025 2:39 PM IST

തിരുവനന്തപുരം: ആര്യനാട് സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസിയാണ് (15) മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ക്ലാസ് കഴിഞ്ഞ് അൻസി പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

വെള്ളനാട് ഭാഗത്തുനിന്നുവന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് ബിനീഷായിരുന്നു. അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.