'അതിദാരിദ്ര്യമില്ലെന്ന് പറയാൻ ഒരു സൂപ്പർ സ്ത്രീയെ കിട്ടിയില്ലേ? അതിദാരിദ്ര്യമല്ല ദരിദ്രജനതയാണുള്ളത് മൊയലാളീ'

Saturday 01 November 2025 4:35 PM IST

കോഴിക്കോട്: കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് സിനിമാ താരങ്ങളെ ക്ഷണിച്ച സർക്കാർ നടപടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ചടങ്ങിലെ വിശിഷ്ടാതിഥികളായി പ്രമുഖ തെന്നിന്ത്യൻ താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ക്ഷണിച്ചതിനെയാണ് ജോയ് മാത്യു പരിഹസിച്ചത്. സ്ത്രീ ശാക്തീകരണം നടന്ന കേരളത്തിൽ അതി ദാരിദ്ര്യമില്ല എന്ന് പറയാൻ ഒരു സൂപ്പർ സ്ത്രീയെയും കിട്ടിയില്ലേയെന്ന് ജോയ് മാത്യു ചോദിച്ചു.

'കമലഹാസൻ, മമ്മുട്ടി, മോഹൻലാൽ എല്ലാവരും സൂപ്പർ. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തിൽ അതിദാരിദ്ര്യമില്ല എന്ന് പറയാൻ ഒരു സൂപ്പർ സ്ത്രീയെയും കിട്ടിയില്ലേ ? മലയാളത്തിൽ നടികൾക്ക് അത്ര ദാരിദ്ര്യമോ? നാട്ടിൽ അതിദാരിദ്ര്യമല്ല. ദരിദ്രജനതയാണുള്ളത് മൊയലാളീ'- ജോയ് മാത്യു കുറിച്ചു.

അതേസമയം, അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമലഹാസനും മോഹൻലാലും പങ്കെടുക്കില്ലെന്നാണ് സൂചന. കമലഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ എത്താൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിച്ചെന്നാണ് വിവരം. വൈകിട്ട് നടക്കുന്ന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. താരം രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.