ഒരു സാധാരണ പൗരനോട് എങ്ങനെ പെരുമാറണം? ദുബായ് ഭരണാധികാരിക്ക് സല്യൂട്ട് നൽകി ലോകം

Saturday 01 November 2025 4:39 PM IST

ദുബായ്: ഇതാണ് യഥാർത്ഥ ഭരണാധികാരിയെന്ന് ലോകം വിളിച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ വൈറലാവുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സൗമ്യവും വിനയവുമേറിയ പെരുമാറ്റത്തിനാണ് ലോകം കയ്യടി നൽകുന്നത്. മാളിലൂടെ നടന്നുപോകുന്നതിനിടെ സമീപത്തുകൂടി പോവുകയായിരുന്ന സ്ത്രീക്ക് അദ്ദേഹം വഴിയൊരുക്കിയ ദൃശ്യങ്ങളാണ് വൈറലാവുന്നത്.

ഭരണാധികാരിയാണ് മുന്നിൽ നടക്കുന്നതെന്ന് ശ്രദ്ധിക്കാതെ സ്ത്രീ അദ്ദേഹത്തെ മറികടക്കാൻ ശ്രമിക്കുന്നതും ഇതുകണ്ട് അംഗരക്ഷകർ അവരെ തടയാൻ നീങ്ങുന്നതും വീഡിയോയിൽ കാണാം. എന്നാൽ അംഗരക്ഷകരെ അൽ മക്തൂം തടയുകയും സ്ത്രീക്ക് കടന്നുപോകാൻ സ്വയം വഴിയിൽ തന്നെ നിൽക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

അദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്രയും വിനയമുള്ള നേതാക്കളുള്ള രാജ്യത്ത് ജീവിക്കുന്നതിൽ അഭിമാനിക്കുന്നു എന്നൊരാൾ കുറിച്ചു. ഈ വീഡിയോ ചരിത്രത്തിൽ മായാതെ നിൽക്കും എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. അങ്ങയെ സല്യൂട്ട് ചെയ്യുന്നവെന്ന് മറ്റൊരാളും വീഡിയോയിൽ കമന്റ് ചെയ്തു.