പുതിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് മലബാറിലെ യാത്രക്കാർ: റെയിൽവെ ചെയ്യേണ്ടത് ഇത്രമാത്രം

Saturday 01 November 2025 5:47 PM IST

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാദുരിതം നാൾക്കുനാൾ കൂടുമ്പോഴും മുഖം തിരിച്ച് റെയിൽവേ. അധികൃതരുമായി ചർച്ച നടത്തിയിട്ടും നിവേദനം നൽകിയിട്ടും പരിഹാരം നീളുകയാണ്. വെെകിട്ടത്തെ ട്രെയിനുകളിൽ കാൽ കുത്താൻ പോലും ഇടമില്ല.

തിരക്കിൽ യാത്രക്കാർ ശ്വാസംമുട്ടുന്നത് കണ്ടിട്ടും ട്രെയിനുകളുടെ സമയക്രമം ചെറിയ രീതിയിൽ മാറ്റാൻ പോലും തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ ദിവസവും യാത്ര ചെയ്യുന്നവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.

മൺസൂൺ സമയം മാറിയതോടെ ട്രെയിൻ യാത്ര കൂടുതൽ ബുദ്ധിമുട്ടായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വെെകിട്ടത്തെ തിരക്കൊഴിവാക്കാൻ ഏറെ നാളത്തെ മുറവിളിക്കു ശേഷമെത്തിയ പാസഞ്ചർ ഷൊർണൂരിനും കോഴിക്കോടിനുമിടയിലുള്ള സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. വൈകിട്ടത്തെ 1607 കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചറിൽ യാത്രക്കാർക്ക് കാൽ കുത്താൻ ഇടമില്ല. രണ്ട് വർഷം മുമ്പ് നിർത്തലാക്കിയതും സമയം മാറ്റിയതുമായ പാസഞ്ചർ ട്രെയിനുകൾ പഴയ രീതിയിൽ പുനസ്ഥാപിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോസിയേഷൻ വർഷങ്ങളായി ആവശ്യപ്പെടുന്നു. ഇക്കാര്യം റെയിൽവേ ഇതുവരെ ചെവിക്കൊണ്ടില്ല. നിലവിൽ പരശുറാം എക്സ്പ്രസും പാലക്കാട് - കണ്ണൂർ സ്പെഷ്യലും കോഴിക്കോട് സ്റ്റേഷനിൽ ഒരുമണിക്കൂറിലധികം പിടിച്ചിടുന്നത് പതിവാണ്.

ഡീ റിസർവ്ഡ് കോച്ചുകൾ വേണം വൈകിട്ടുള്ള വണ്ടികളായ 16037, 6031 എന്നിവയുടെ സമയം ക്രമീകരിച്ചാൽ സാധാരണ യാത്രക്കാർക്ക് ഉപകാരപ്പെടും. 6031 ട്രെയിൻ ഷൊർണൂരിൽ നിന്ന് നാലു മണിക്കും 1607 ഷൊർണൂരിൽ 4.45നും പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചാൽ ഷൊർണൂരിനും കണ്ണൂരിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ഇത്രയും ബുദ്ധിമുട്ടേണ്ട. 12617 നിസാമുദ്ദീനിലും നേത്രാവതിയിലും കോഴിക്കോട് വരെയെങ്കിലും ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് സ്ത്രീയാത്രക്കാർ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാവും. പതിനഞ്ച് രൂപയോളം അധികം കൊടുത്ത് ഈ കോച്ചുകളിൽ കയറാം. പാലരുവി, ധൻബാദ്, ബംഗളൂരു ട്രെയിനുകളിൽ ഈ സംവിധാനമുണ്ട്.

ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ വൈകിട്ട് ഒരു പുതിയ മെമു വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നങ്ങളെ കുറിച്ച് എം.പിമാർക്കും നിവേദനം നൽകിയിട്ടും പരിഹാരമില്ല.

-എം.ഫിറോസ് ഫിസ,

ഓർഗനെെസിംഗ് സെക്രട്ടറി,

മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോ.