വേസ്റ്റ് ബിൻ തിരിച്ചറിയും മാലിന്യം ഏത് തരമെന്ന്

Sunday 02 November 2025 1:33 AM IST

കോതമംഗലം: മാലിന്യങ്ങൾ തരം തിരിക്കാൻ മനുഷ്യ അദ്ധ്വാനം ആവശ്യമില്ല. മാലിന്യങ്ങൾ ഏത് തരത്തിലുള്ളതെന്ന് മനസിലാക്കി, അത് നിക്ഷേപിക്കേണ്ട കമ്പാർട്ട്മെന്റ് സ്വയം തുറക്കുന്ന വേസ്റ്റ് ബിൻ തയ്യാറായിക്കഴിഞ്ഞു. റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലാണ് ഇത്തരമൊരു വേസ്റ്റ് ബിൻ അവതരിപ്പിക്കപ്പെട്ടത്. ബിന്നിൽ ഘടിപ്പിച്ചിട്ടുള്ള എ.ഐ സെൻസറാണ് മാലിന്യത്തെ തിരിച്ചറിഞ്ഞ് അതാത് കമ്പാർട്ട്മെന്റിലേക്ക് നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക്,​ ഭക്ഷണ,​ ഇ- മാലിന്യം തുടങ്ങിയ എല്ലാത്തരം മാലിന്യങ്ങളെയും സെൻസർ തിരിച്ചറിയും. അങ്കമാലി ഡി പോൾ സ്കൂളിലെ സായ് കൃഷ്ണയും കെവിൻ പി. സാജുവുമാണ് പ്രൊജക്ട് തയ്യാറാക്കിയത്. സുഹൃത്തുക്കളുടെ സഹായവും ലഭിച്ചു. കുറേക്കൂടി വികസിപ്പിച്ചാൽ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്താനാകുമെന്ന് ഇവർ പറയുന്നു. മത്സരത്തിൽ എ ഗ്രേഡാണ് ലഭിച്ചത്.