കേരളത്തിന്റേത് ചരിത്ര നേട്ടം,​ അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനത്തിൽ അഭിനന്ദനവുമായി ചൈന

Saturday 01 November 2025 7:26 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന നേടടം കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്‌ഹോങ്ങാണ് എക്സിൽ കേരളത്തെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചത്. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് കേരളത്തിന് ഊഷ്മളമായ അഭിനന്ദനം. ദാരിദ്ര്യം ഇല്ലാതാക്കുന എന്നത് മനുഷ്യരാശിയുടെ പൊതുദൗത്യമാണെന്നും ചൈനീസ് അംബാസഡർ കുറിച്ചു. സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവച്ചു കൊണ്ടാണ് അംബാസഡറുടെ കുറിപ്പ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയിൽ വച്ചായിരുന്നു അതിദാരിദ്ര്യ മുക്ത കേരളത്തിന്റെ പ്രഖ്യാപനം നടന്നത്. രാവിലെ നിയമസഭയിൽ പ്രഖ്യാപനം നടന്നിരുന്നു, ഇതിന് പിന്നാലെയാണ് വൈകിട്ട് പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യത മറികടന്നത് എല്ലാവരുടെയും സഹകരണത്തോടെയാണ് മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പുതിയൊരു കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപ്പത്തിലുളള നവകേരളത്തിലേക്കുളള സാക്ഷാൽക്കാരത്തിന്റെ ചവിട്ടുപടിയാണ്. നാം അതിദാരിദ്ര്യത്തിൽ വീണുപോകില്ലെന്ന് കേരളം ഉറപ്പാക്കുന്ന ചരിത്രമുഹൂർത്തമാണ്. ഐക്യകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന ദിനമാണ് ഇന്ന്. ഈ നാടിന്റെ സഹകരണത്തോടെയാണ് എല്ലാം നടന്നത്. ഇതിന് നേതൃത്വം നൽകിയത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരുപോലെ സഹകരിച്ചു. അതിദാരിദ്ര്യത മറികടന്നത് എല്ലാവരുടെയും സഹകരണത്തോടെയാണ്. 64,005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായി കഴിഞ്ഞു. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണം. ഇത് തട്ടിപ്പല്ല, യാഥാർത്ഥ്യമാണ്. നാടിന്റെ ഒരുമയും ഐക്യവും കൊണ്ടാണ് നേട്ടം കൈവരിച്ചത്. നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു'- പിണറായി വിജയൻ പറഞ്ഞു.