അസൗകര്യങ്ങളാൽ വീർപ്പുമുട്ടി താമരശ്ശേരി എക്‌സൈസ് ഓഫീസ്

Sunday 02 November 2025 12:58 AM IST
താമരശ്ശേരി എക്‌സൈസ് ഓഫീസ്

താമരശ്ശേരി: താമരശ്ശേരി എക്‌സൈസ് ഓഫീസ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. താമരശേരി താലൂക്കിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്ന അധികാര പരിതിയിലുള്ള സ്ഥാപനമാണ് താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസ്. ഗ്രാമ പഞ്ചായത്ത് മത്സ്യ മാർക്കറ്റിനായി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കെട്ടിടത്തിലാണ് എക്‌സൈസ് ഓഫീസ് 2014 മുതൽ പ്രവർത്തിക്കുന്നത്.12 സിവിൽ എക്‌സൈസ് ഓഫീസർമാരാണ് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിൽ മൂന്നുപേർ വനിതകളാണ്. ഇവർക്ക് വിശ്രമിക്കാനോ വസ്ത്രം മാറാനോ സൗകര്യപ്രദമായ ഇടവുമില്ല. ഓഫീസിലെ ഫയലുകളും രജിസ്ട്രറുകളും മറ്റും സൂക്ഷിക്കാനും ഇവിടെ ഇടമില്ല.

വേണം വാഹനവും ചുറ്റുമതിലും

ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മദ്യം കടത്താനും മറ്റും ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തത് ഓഫീസിന്റെ മുറ്റത്ത് കിടക്കുകയാണ്. അടച്ചുറപ്പുള്ള ചുറ്റുമതിലോ ഗേറ്റോ ഈ ഓഫീസിനില്ല. സാമൂഹ്യവിരുദ്ധർ കയറി വരുമോ എന്ന ഭയത്തിലാണ് രാത്രി ഡ്യൂട്ടിയുള്ളവർ ഇവിടെ ജോലിചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആകെയുള്ള ജീവനക്കാരിൽ പലരും പല ജോലിക്കായി പുറത്ത് പോകേണ്ടിവരുന്നു. കോളനികൾ സന്ദർശിക്കൽ, സ്കൂൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണം, കേസുകൾക്കായി കോടതിയിൽ പോകൽ എന്നിവയക്കും മറ്റും സ്വന്തമായി വണ്ടിയില്ല. കൊടുവള്ളി സർക്കിൾ ഓഫീസിനെ ആശ്രയിക്കണം. 173 അബ്ക്കാരി കേസുകളും. 55 മയക്കുമരുന്ന് കേസുകളും ഈ വർഷം ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസ് എത്രയും പെട്ടെന്ന് കൂടുതൽ സൗകര്യമുള്ള ഒരിടത്തേക്ക് മാറ്റി സ്ഥാപിക്കും എ.അരവിന്ദൻ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്