ഡീയർ ഗേൾസ്, ഉയരൂ ലോകത്തോളം; വനിതാ ഏകദിന ലോകകപ്പ് ഫൈനൽ ഇന്ന്

Sunday 02 November 2025 12:51 AM IST

മുംബയ്: പടിക്കൽ കലമുടയ്ക്കുന്ന പതിവ് തെറ്റിച്ച്, ഏകദിന ലോക കിരീടത്തിൽ ഇത്തവണ ഇന്ത്യൻ വനിതകൾ മുത്തമിടുന്നത് കാത്തിരിക്കാം. ഇന്ന് വൈകിട്ട് 3 മുതൽ നവി മുംബയ്‌യിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. ദക്ഷിണാഫ്രിക്കയാണ് എതിരാളി.

നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ ജമീമ റോഡ്രിഗസിന്റെ തകർപ്പൻ സെഞ്ച്വറിയിലൂടെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ക്യാപ്ടൻ ലോറ വോൾവാർട്ടിന്റെ ഗംഭീര സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനൽ ടിക്കറ്റെടുത്തത്.

3

ഇന്ത്യൻ വനിതകളുടെ മൂന്നാം ഏകദിന ലോകകപ്പ് ഫൈനൽ. 2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടും തോറ്റു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഫൈനലിനിറങ്ങുന്നത്

1

25 വർഷത്തിന് ശേഷമാണ് വനിതാ ഏകദിന ലോകകപ്പിൽ പുതിയ ചാമ്പ്യൻമാർ വരുന്നത്. 2000ത്തിൽ ന്യൂസിലാൻഡ് കിരീടം നേടിയ ശേഷം ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് മാറി മാറി ചാമ്പ്യൻമാരായത്

63

ശതമാനമാണ് ഇന്ന് നവി മുംബയ്‌യിൽ മഴ സാദ്ധ്യത. മഴമൂലം ഇന്ന് ഫൈനൽ നടന്നില്ലെങ്കിൽ റിസർവ് ദിനമായ നാളത്തേക്ക് മാറ്റും

ലൈവ്

സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും ഉച്ചയ്ക്ക് 12.30 മുതൽ