ട്രക്കിംഗിനും റോക്ക് ക്ലൈമ്പിംഗിനും പറ്റിയ ഇടം, ഇതാണ് തിരുവനന്തപുരത്തിന്റെ മീശപ്പുലിമല
തിരുവനന്തപുരം: പൊന്മുടി യാത്രയ്ക്കിടയിൽ ട്രക്കിംഗിനും റോക്ക് ക്ലൈമ്പിംഗിനും പറ്റിയ ഒരിടമുണ്ട് തലസ്ഥാനത്ത്.വനം വകുപ്പിന്റെ അധീനതയിലുള്ള ചൂഴിയാമല റിസർവിൽ ഉൾപ്പെട്ട മലയടി എന്ന സ്ഥലത്തെ ചിറ്റിപ്പാറ സഞ്ചാരികളെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ നിരവധിപ്പേരെത്തുന്ന ചിറ്റിപ്പാറ പക്ഷേ ഇപ്പോഴും,വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയ്‌ക്ക് പുറത്താണ്. സാഹസിക ടൂറിസം കേന്ദ്രമാക്കാൻ സാദ്ധ്യതയുള്ള പാറക്കെട്ടുകളാൽ സമ്പന്നമായ ഈ പ്രദേശത്തെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തിയാൽ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും.
ഉദയാസ്തമയങ്ങൾ കാണാൻ പറ്റുന്ന മനോഹരമായ വ്യൂ പോയിന്റാണ്, തിരുവനന്തപുരത്തിന്റെ മീശപ്പുലിമലയെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന ‘ചിറ്റിപ്പാറയിലുള്ളത്’.
ആദിവാസി ഊരുകൾ ഉൾപ്പെടുന്ന മലയടി,ചിറ്റിക്കോണം,പൊൻപാറ തുടങ്ങിയ പ്രദേശങ്ങൾക്കു മുകളിലായാണ് പാറയുടെ സ്ഥാനം.ഏകദേശം 20 ഏക്കറിലധികം വിസ്‌തൃതിയിലാണ് ഈ പാറയുടെ കിടപ്പ്.പാറയുടെ താഴ്‌വാരത്ത് ആദിവാസി വിഭാഗത്തിലെ കാണിക്കാരുടെ 75 ലധികം വർഷം പഴക്കമുള്ള ക്ഷേത്രമുണ്ട്.
 അകലെ മാറിനിന്ന് നോക്കിയാൽ ആമയെ പോലെയും മറ്റൊരു ഭാഗത്തു നിന്ന് നോക്കിയാൽ തലവച്ച് കിടക്കുന്ന ഒരു മനുഷ്യന്റെയും രൂപവുമുള്ള രണ്ടു വ്യത്യസ്ത വലിപ്പത്തിലുള്ള പാറകൂട്ടമാണ് ചിറ്റിപ്പാറയുടെ പ്രത്യേകത.
ചിറ്റിപ്പാറയ്ക്ക് മുകളിൽ നിലവിൽ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ല.
സൂര്യോദയം കാണാം
പശ്ചിമഘട്ട മലനിരകൾക്ക് പിന്നിൽ സൂര്യൻ ഉദിച്ചുയരുന്ന മനോഹര കാഴ്ച കാണാൻ അതിരാവിലെ ചിറ്റിപ്പാറയിൽ എത്തണം.പഞ്ഞിക്കെട്ടുകൾ പോലെ പരന്ന മേഘപാളികൾക്കിടയിൽ നിന്ന് സൂര്യന്റെ സ്വർണരശ്മികൾ പടരുന്ന കാഴ്ച കൗതുകകരമാണ്.ചിറ്റിപ്പാറയ്ക്ക് മുകളിൽ ഏതുസമയത്തും വീശുന്ന തണുത്തകാറ്റാണ് ഹൈലൈറ്റ്. മഞ്ഞുപൊഴിയുന്ന തണുപ്പുള്ള സീസണുകളിൽ പാറയ്ക്ക് മുകളിലെത്തിയാൽ ചുറ്റും തൂവെള്ള മേഘങ്ങൾ മൂടുകയും ഞൊടിയിടയിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്ന കാഴ്ച മനോഹരമാണ്.