കുട്ടിക്കാല മോഹം; 55-ാം വയസിൽ ഹെഡ്മിസ്ട്രസ് ചിലങ്കയണിഞ്ഞു

Sunday 02 November 2025 1:40 AM IST

ഗീതാഞ്ജലി

കൊച്ചി: കുട്ടിക്കാലത്ത് മനസിൽ ചേക്കേറിയ ആഗ്രഹം 55-ാം വയസിൽ സഫലമാക്കി ഗീതാഞ്ജലി ടീച്ചർ. തൃശൂർ പൂക്കോട് എസ്.എൻ.യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ഇ.പി ഗീതാഞ്ജലി ജോലിത്തിരക്കിനിടയിലും ഭരതനാട്യം പഠിക്കാൻ സമയം കണ്ടെത്തി.

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്ര ഓഡിറ്റാേറിയത്തിലായിരുന്നു അരങ്ങേറ്റം. മാർച്ചിലെ സ്‌കൂൾ വാർഷികത്തിന് നൃത്തം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം നടനമാടാൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും സ്വന്തം ശിഷ്യയുമായ നർത്തകിയും ഉണ്ടാവും.

തൃശൂർ മണ്ണംപേട്ട സ്വദേശിനിയായ ഗീതാഞ്ലി എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ പിതാവിന്റെ ആകസ്മിക മരണം കുടുംബത്തെ ഉലച്ചു. നൃത്തം പഠിക്കണമെന്ന ആഗ്രഹം അതോടെ മനസിലൊളിപ്പിച്ചു. അമ്മ രാധ ഇതേ സ്‌കൂളിൽ പ്രധാനാദ്ധ്യാപികയായിരുന്നു.

1988ൽ സർവീസിൽ കയറിയപ്പോൾ നൃത്തം പഠിക്കാൻ ആഗ്രഹിച്ചെങ്കിലും ജോലിത്തിരക്കും അടുത്തെങ്ങും നൃത്തവിദ്യാലയം ഇല്ലാതിരുന്നതും തടസ്സമായി.

കൊവിഡ് വ്യാപനത്തിന് ശേഷം വീടിനോട് ചേർന്ന് നൃത്തകേന്ദ്രം വന്നതാണ് വീണ്ടും മാേഹമുണർത്തിയത്. ഒന്നര വർഷം മുമ്പാണ് ഗുരുദക്ഷിണ വച്ചത്. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ടായിരുന്നു പഠനം. ജോലിത്തിരക്കുള്ളപ്പോൾ വീഡിയോ പകർത്തി വീട്ടിലിരുന്ന് പഠനം തുടർന്നു. അമ്മ രാധയും ഭർത്താവ് കെ.ജി ദേവനും മക്കളായ ആതിരയും ദേവികയുമാണ് ഗീതാഞ്ജലിയുടെ കരുത്ത്.

``മനസുവച്ചാൽ ഏത് ആഗ്രഹവും സാധിക്കും. മോഹിനിയാട്ടം അഭ്യസിക്കാനുള്ള ഒരുക്കത്തിലാണ്.`` -ഇ.പി ഗീതാഞ്ജലി