ഇരട്ട സഹോദരങ്ങളെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മീൻ പിടിക്കാൻ ഇറങ്ങിയതെന്ന് സംശയം

Sunday 02 November 2025 10:29 AM IST

പാലക്കാട്: ഇരട്ട സഹോദരങ്ങളെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്‌മണനുമാണ് മരിച്ചത്. ഇരുവർക്കും 14 വയസായിരുന്നു. ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥികളാണ് ഇരുവരും.

ഇന്നലെ വൈകിട്ട് മുതൽ ഇരുവരെയും കാണാതായിരുന്നു. വൈകിട്ട് ഇലക്ട്രിക് സ്‌കൂട്ടറിൽ വീട്ടിൽ നിന്നും പോയ സഹോദരങ്ങൾ തൊട്ടടുത്ത ലങ്കേശ്വരം ശിവക്ഷേത്രത്തിലെത്തി വിളക്ക് കൊളുത്തി. തുടർന്നാണ് കാണാതായത്. പിന്നാലെ നടത്തിയ തെരച്ചിലിൽ രാമന്റെ വസ്ത്രങ്ങൾ കുളക്കടവിൽ നിന്ന് കണ്ടെത്തി. അഗ്നിരക്ഷാസേനയടക്കം നടത്തിയ തെരച്ചിലിൽ ആദ്യം ലക്ഷ്മണന്റെ മൃതദേഹവും പിന്നാലെ രാമന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ല. മീൻ പിടിക്കാൻ ഇറങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രാമനും ലക്ഷ്മണനും ഒരു സഹോദരി കൂടിയുണ്ട്.