ഒടുവിൽ പടിയിറക്കം; കീവിസ് മുൻ നായകൻ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Sunday 02 November 2025 10:42 AM IST

ക്രൈസ്റ്റചർച്ച്: ന്യൂസിലാൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്ററും മുൻ നായകനുമായ കെയ്‌ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിന് കൂടുതൽ വ്യക്തത നൽകുന്നതിനാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് അദ്ദേഹം അറിയിച്ചു. ട്വന്റി-20 ഫോർ‌മാറ്റിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനായാണ് അദ്ദേഹം പടിയിറങ്ങുന്നത്.

93 മത്സരങ്ങളിൽ നിന്ന് 18 അർദ്ധസെഞ്ച്വറികളടക്കം 34.4 ശരാശരിയിൽ 2,575 റൺസാണ് താരം നേടിയത്. 2021 ട്വന്റി-20 ലോകകപ്പിൽ ന്യൂസിലാൻഡിനെ ഫൈനലിലേക്ക് അദ്ദേഹം നയിക്കുകയും ചെയ്തിട്ടുണ്ട്. 2016ലും 2022ലും സെമിഫൈനൽ കളിച്ചു.

ഫ്രാഞ്ചൈസി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ പങ്കാളിത്തം കുറയ്ക്കുമെന്ന് 35കാരനായ താരം നേരത്തെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. അതേസമയം ട്വന്റി-20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'എനിക്കും ടീമിനും പറ്റിയ സമയമാണിത്. മുന്നോട്ടുള്ള പരമ്പരകളിലും അടുത്ത ട്വന്റി-20 ലോകകപ്പിലും ടീമിന് കൂടുതൽ വ്യക്തത ലഭിക്കാൻ എന്റെ വിരമിക്കൽ പ്രഖ്യാപനം സഹായിക്കും. ട്വന്റി-20യിൽ കളിപ്പിക്കാൻ ഒട്ടേറെ മികച്ച പ്രതിഭകൾ ടീമിലുണ്ട്. അവർക്ക് അവസരം നൽകുന്നതിനും ലോകകപ്പിന് തയാറെടുക്കുന്നതിനും ഇനിയുള്ള സമയം വളരെ പ്രധാനമാണ്'. അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ വിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ താരം ക്രീസിലെത്തും. ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനെന്ന റെക്കാഡും വില്യംസണിനാണ്. 105 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 54.88 ശരാശരിയിൽ 9276 റൺസാണ് താരം നേടിയത്.