ശബരിമല പാതകൾ സുഗമമാക്കാൻ സർക്കാർ; പത്ത് ജില്ലകളിലെ റോഡുകൾക്ക്  377 കോടി രൂപ അനുവദിച്ചു

Sunday 02 November 2025 12:58 PM IST

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ച് സർക്കാർ. റോഡ് നിർമാണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്ത് ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയിൽ 14 റോഡുകളുടെ നവീകരണത്തിനായി 68.90 കോടി രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറ് റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒൻപത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി, ഇടുക്കിയിൽ അഞ്ച് റോ‌ഡുകൾക്ക് 35.10 കോടി, എറണാകുളത്ത് എട്ട് റോഡുകൾക്ക് 32. 42 കോടി, തൃശൂരിൽ പതിനൊന്ന് റോഡുകൾക്ക് 44 കോടി, പാലക്കാട്ട് അഞ്ച് റോഡുകൾക്ക് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് കെ എൻ ബാലഗോപാൽ അറിയിച്ചു.