പയ്യാമ്പലത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു, അപകടത്തിൽപ്പെട്ടത് എംബിബിഎസ് വിദ്യാർത്ഥികൾ
Sunday 02 November 2025 1:52 PM IST
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. ബംഗളൂരുവിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളായ അഫ്നൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ഇവർ കർണാടക സ്വദേശികളാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം ഇന്നലെയാണ് ബീച്ചിനടുത്തുള്ള റിസോർട്ടിലെത്തിയത്. അവിടെ നിന്ന് ഇന്ന് രാവിലെയാണ് എട്ടുപേർ ബീച്ചിൽ കുളിക്കാനെത്തിയത്.
അഫ്രാസാണ് ആദ്യം കുളിക്കാനിറങ്ങിയത്. ഇയാൾ ഒഴുക്കിൽ പെട്ടതോടെ മറ്റ് രണ്ടുപേർ രക്ഷിക്കാനിറങ്ങി. വൈകാതെ മൂന്നുപേരും തിരയിൽ പെടുകയായിരുന്നു. ഇതോടെ മറ്റുള്ളവർ മത്സ്യതൊഴിലാളികളെയും നാട്ടുകാരെയും വിവരമറിയിച്ചു. ഇവർ നൽകിയ വിവരത്തെ തുടർന്ന് ഫയർഫോഴ്‌സും പൊലീസും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.