തകർത്തടിച്ച് ടിം ഡേവിഡും സ്റ്റോയിനിസും; ഇന്ത്യയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം, അഭിഷേക് ശർമ പുറത്ത്

Sunday 02 November 2025 3:42 PM IST

ഹോബാർട്ട്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. ടിം ഡേവിഡ് 74 (38) മാർക്കസ് സ്റ്റോയിനിസ് 64 (39) എന്നിവരുടെ വെടിക്കെട്ട് അർദ്ധ സെഞ്ചുറികളാണ് ഓസീസ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. എന്നാൽ ഫീൽഡിംഗിലെ പിഴവുകൾ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ടിം ഡേവിഡിന്റെയും സ്റ്റോയിനിസിന്റെയും ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയതാണ് ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ നേടാൻ സഹായകമായത്.

പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയ അ‌ർഷ്ദീപ് ആദ്യ രണ്ട് ഓവറുകളിലും രണ്ട് വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി വീഴ്ത്തിയത്. ഓസീസ് ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും 6(4) ജോസ് ഇംഗ്ലിസിനെയുമാണ് 1(7) താരം എറി‌ഞ്ഞിട്ടത്. അതിനു പിന്നാലെ ക്യാപ്ടൻ മിച്ചൽ മാർഷിനെയും 11 (14) മിച്ചൽ ജെ ഓവനെയും 0(1) വരുൺ ചക്രവർത്തിയും എറിഞ്ഞ് വീഴ്ത്തി. ശിവം ദുബെയുടെ പന്തിൽ ടിം പുറത്തായതോടെ വീണ്ടും ഇന്ത്യയ്ക്ക് കളിയിൽ ആധിപത്യം പുലർത്താൻ അവസരം ലഭിച്ചെങ്കിലും ഓസീസ് ബാറ്റിംഗിന് മുന്നിൽ ഇന്ത്യ അടിതെറ്റുകയായിരുന്നു. വരുൺ ചക്രവർത്തി തുടർച്ചയായ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. പരമ്പരയിൽ 1 -0ന് പിന്നിൽ നിൽക്കുന്ന ഇന്ത്യ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ മാത്രമേ പരമ്പര നേടാനാകൂ.

നിലവിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് ഓവറിൽ 61 റൺസുമായി പൊരുതുകയാണ്. ഓപ്പണർമാരായ അഭിഷേക് ശർമ പതിനഞ്ച് പന്തിൽ 25 റൺസെടുത്തും ഗിൽ 15 റൺസെടുത്തുമാണ് കൂടാരത്തിലേക്ക് മടങ്ങിയത്. ക്യാപ്ടൻ സൂര്യകുമാർ യാദവും തിലക് വർമയുമാണ് നിലവിൽ ക്രീസിൽ നിൽക്കുന്നത്.