കേന്ദ്രം തന്നാൽ പെൻഷൻ കൂടും:എം.വി ഗോവിന്ദൻ

Monday 03 November 2025 12:00 AM IST

തിരുവനന്തപുരം:കേന്ദ്രസർക്കാർ കേരളത്തിന് തരാനുള്ള മുഴുവൻ പണവും തന്നാൽ സാമൂഹിക സുരക്ഷ പെൻഷൻ 2500 രൂപയായോ 3000മോ ആക്കി വർദ്ധിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ഒരുലക്ഷം കോടിയോളമാണ് ലഭിക്കാനുള്ളത്.

ഒന്നാം പിണറായി സർക്കാർ ക്ഷേമപെൻഷൻ 1000 രൂപയാക്കി ഉയർത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അതിൽ കൂടുതൽ നൽകി.അവസാന മന്ത്രിസഭ യോഗം ഒരുകോടിയിലധികം ആളുകൾക്കാണ് അനുകൂല്യം പ്രഖ്യാപിച്ചത്.62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി 2000 ആക്കിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന അദ്ധ്യായമാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം.വർഷങ്ങളെടുത്ത പ്രക്രിയയാണ്.എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചില വിദഗ്ദ്ധന്മാരും ഇതിനെ വിമർശിക്കുകയാണ്.അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഉണ്ടെന്നു അവർ കണ്ടെത്തിയാൽ അവരേയും അതിദാരിദ്ര്യമുക്തരാക്കാൻ നടപടി സ്വീകരിക്കും.

യു.ഡി.എഫും കോൺഗ്രസും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായി പ്രഖ്യാപനം നടത്തിയിരുന്നു.കഴിഞ്ഞ നാലര വർഷമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായിട്ടും പ്രതിപക്ഷവും പ്രതിപക്ഷ നേതാവും എന്തുകൊണ്ട് ഇതുവരെ ഇതൊന്നും കണ്ടില്ല.അമേരിക്കൻ പ്രസിഡന്റ് ട്രംപ് 2020 ൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ചേരികൾ കാണാതിരിക്കാൻ വൻമതിൽ കെട്ടി വേർതിരിച്ചവരാണ് ബി.ജെ.പി ഭരണകൂടം.ഇവിടെ എല്ലാം സുതാര്യമാണെന്നും ഗോവിന്ദൻ പറഞ്ഞു.