പട്ടിക ചുരുക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് പട്ടികയിൽ ആളില്ല

Monday 03 November 2025 12:00 AM IST

തിരുവനന്തപുരം: മൂന്ന് വർഷം കാലാവധിയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ വീണ്ടും പരീക്ഷയ്ക്കൊരുങ്ങി പി.എസ്.സി. റാങ്ക് പട്ടികയിൽ മതിയായ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതാണ് ഒരുവർഷം തികയും മുൻപ് വീണ്ടും പരീക്ഷ നടത്തുന്നത്. ഡിസംബർ 20നാണ് പരീക്ഷ.നിലവിലെ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താതെ പട്ടിക ചുരുക്കിയതാണ് കാരണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ നിയമനം നടത്താനാകാത്തതിനാലാണ് ഉടനടി പരീക്ഷ നടത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ നിലവിൽ വന്ന 13 ജില്ലകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027ഡിസംബറിലാണ് അവസാനിക്കുന്നത്. എന്നാൽ മിക്ക ജില്ലകളിലെയും റാങ്ക്‌പട്ടികയിൽ നിന്നും നിയമനത്തിന് ഉദ്യോഗാർത്ഥികളില്ലാത്ത സ്ഥിതിയാണ്. കൊല്ലത്തും തൃശ്ശൂരും റാങ്ക്‌പട്ടിക കാലാവധി തികയും മുൻപ് റദ്ദായി. മറ്റ് ജില്ലകളിലാകട്ടെ മെയിൻ ലിസ്റ്റിൽ ഉദ്യോഗാർത്ഥികൾ വളരെ കുറവും.

കാലാവധി മൂന്ന് വർഷം വരെ സിവിൽ പൊലീസ് ഓഫീസർ,സിവിൽ എക്സൈസ് ഓഫീസർ,ഫയർമാൻ തസ്തികകളുടെ റാങ്ക്പട്ടികയ്ക്ക് പരമാവധി ഒരുവർഷത്തെ കാലാവധിയെ അനുവദിച്ചിട്ടുള്ളൂ. ഈ തസ്തികകൾക്ക് വാർഷിക വിജ്ഞാപനം പ്രസിദ്ധീകരിച്ചാണ് പി.എസ്.സി നിയമനം നടത്തുന്നത്. എന്നാൽ യൂണിഫോം തസ്തികയാണെങ്കിലും ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക്പട്ടികയുടെ കാലാവധി മൂന്ന് വർഷം വരെയാണ്.

റാങ്ക്‌പട്ടികയിൽ 642 പേർ; നിയമനശുപാർശ 369

ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നിലവിലെ റാങ്ക്പട്ടികയിൽ നിന്നുള്ള നിയമനങ്ങൾ കുറവാണ്. റാങ്ക്പട്ടിക ചെറുതാക്കിയതിനാൽ 13 ജില്ലകളിലായി 369 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്.ഏറ്റവും കൂടുതൽ ഇടുക്കിയിലും കുറവ് കോട്ടയത്തുമാണ്. ഇടുക്കിയിൽ 80 പേർക്കും കോട്ടയത്ത് മൂന്ന് പേർക്കും. മുൻപത്തെ റാങ്ക്പട്ടികയിൽ നിന്ന് 780 നിയമനശുപാർശ നൽകി. അതിന്റെ പകുതി നിയമനം പോലും നടക്കും മുൻപേ റാങ്ക്പട്ടികകൾ റദ്ദായിത്തുടങ്ങി.