പവർ ഹൗസാകാൻ പാലക്കുഴി

Monday 03 November 2025 12:59 AM IST

വടക്കഞ്ചേരി: മീൻവല്ലം ജലവൈദ്യുതി പദ്ധതിയുടെ വിജയത്തിന് പിന്നാലെ ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ മിനി ജലവൈദ്യുതി പദ്ധതി ഇന്ന് പാലക്കുഴിയിൽ ഉദ്ഘാടനം ചെയ്യും. പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുതി പദ്ധതിയുടെ പവർ ഹൗസ്, വിയർ ഡാം എന്നിവ മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാകും. കെ.രാധാകൃഷ്ണൻ എം.പി, കെ.ഡി.പ്രസേനൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.

ഒരു മെഗാവാട്ടിന്റേതാണ് പദ്ധതി. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം മിനി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്. നേരത്തെ മീൻവല്ലം ജലവൈദ്യുതി പദ്ധതി പൂർത്തിയാക്കി ലാഭത്തിലാക്കിയിട്ടുണ്ടായിരുന്നു. തിണ്ടില്ലം പുഴയിൽ പാലക്കുഴിയിൽ തടയണകെട്ടി അതിൽനിന്നുള്ള വെള്ളം പെൻസ്‌റ്റോക് പൈപ്പ് വഴി 738 മീറ്റർ താഴേക്ക് കൊണ്ടുവന്ന് കൊന്നക്കൽകടവിൽ സജ്ജമാക്കിയ പവർഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം. മണിക്കൂറിൽ 1000 യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കും. വൈദ്യുതിക്ക് കെ.എസ്.ഇ.ബി നിശ്ചിതവില നൽകും. സ്ഥലമെടുപ്പ്, തടയണ നിർമ്മാണം ഉൾപ്പെടെ 15.9കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പാലക്കാട് സ്‌മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സാധാണ മഴക്കാലത്തും ഒഴുക്കുള്ള സമയത്തും മാത്രമാണ് വൈദ്യുതി ഉത്പാദനം നടത്തിയിരുന്നതെങ്കിൽ, പാലക്കുഴിയിൽ 12 മാസവും ഇടവേളകളില്ലാതെ വൈദ്യുതി ഉത്പ്പാദിപ്പിക്കാം.

 മൂന്നാമത്തെ പദ്ധതി ഉടനെന്ന്

ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതികൂടി നാടിന് സമർപ്പിക്കുന്നതിൽ ഏറെ അഭിമാനം. പ്രളയവും കൊവിഡും മറ്റും പദ്ധതി നടപ്പാക്കുന്നതിൽ പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും ഈ ഭരണസമിതിയുടെ കാലത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷം. മൂന്നാമത്തെ മിനി ജലവൈദ്യുത പദ്ധതി ലോവർ വട്ടപ്പാറ നിർമ്മാണം ഉടൻ തുടങ്ങും. 30 കോടി ചെലവിൽ 2.5 മെഗാവാട്ടിന്റെ പദ്ധതിയാണ് ലോവർ വട്ടപ്പാറ.

-- കെ.ബിനുമോൾ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്