'എനിക്ക് കേരളം ഇഷ്ടമാണ്, പക്ഷേ ഇവിടെ എന്താണ് ഇങ്ങനെ'; ചർച്ചയായി ട്രാവൽ വ്ലോഗറുടെ വീഡിയോ

Sunday 02 November 2025 10:04 PM IST

ദിവസവും നിരവധി വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തുന്നത്. അത്തരത്തിൽ അടുത്തിടെ കേരളത്തെക്കുറിച്ച് ഒരു വിനോദസ‌ഞ്ചാരി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബ്രിട്ടീഷ് ട്രാവൽ വ്ലോഗറുടെ വീഡിയോയാണ് അത്. കേരള, എനിക്ക് നിരാശ തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരം വർക്കല ക്ലിഫിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. തനിക്ക് കേരളം ഇഷ്ടമാണെന്നും എന്നാൽ ഇവിടെ കണ്ട കാഴ്ച അത്ര നല്ലതല്ലെന്നുമാണ് വ്ലോഗറായ അലക്സ് പറയുന്നത്. ക്ലിഫും വർക്കല കടലും വളരെ മനോഹരമായ സ്ഥലമാണെന്നും എന്നാൽ ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നുവെന്നുമാണ് അലക്സ് വീഡിയോയിൽ പറയുന്നത്.

മാലിന്യത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം കാണിച്ചുതരുന്നുണ്ട്. ഇതിന് കടലിനും പരിസ്ഥിതിക്കും ദോഷമാണെന്നും അലക്സ് കൂട്ടിച്ചേർക്കുന്നു. തനിക്ക് കേരളം ഇഷ്ടമാണെന്നും എന്നാൽ എന്താണ് ഇങ്ങനെയെന്നും അലക്സ് ചോദിക്കുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി. നിരവധി പേരാണ് ലെെക്കും കമന്റുമായി എത്തുന്നത്. മലയാളികൾക്ക് ഇത് വലിയ നാണക്കേടാണെന്നാണ് പലരും കമന്റും ചെയ്യുന്നത്.