ഏറ്റെടുത്തത് 24.41 ലക്ഷത്തിന്റെ ബാദ്ധ്യത ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരിച്ച സജീഷിന്റെ കുടുംബത്തിന് ആധാരം കൈമാറി ഡി.ജി.പി
കാസർകോട്: ഡ്യൂട്ടിക്കിടയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ചയിലെ കെ.കെ സജീഷ് വീട് നിർമ്മാണത്തിന് ലോണെടുക്കുന്നതിനായി കാസർകോട് പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ പണയമായി നൽകിയിരുന്ന കിടപ്പാടത്തിന്റെ ആധാരം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ കുടുംബത്തിന് കൈമാറി. നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ നടന്ന ലളിതമായ ചടങ്ങിൽ സജീഷിന്റെ ഭാര്യ ഷൈനിയും മക്കളായ ദിയ, ദേവജ് എന്നിവരും ചേർന്ന് നിറകണ്ണുകളോടെ ഡി.ജി.പിയിൽ നിന്ന് ആധാരം ഏറ്റുവാങ്ങി.
കുട്ടികളുടെ പഠനകാര്യങ്ങൾ അടക്കം തിരക്കിയ ശേഷം കേരളത്തിലെ പൊലീസ് സേനയും സർക്കാരും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് ഡി.ജി.പി മടങ്ങിയത്. സജീഷിന്റെ ആകസ്മിക വേർപാടിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന് ചെയ്യാൻ പറ്റുന്ന മുഴുവൻ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും പിന്നീട് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര, കാസർകോട് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡി എന്നിവർ സംസാരിച്ചു. കേരള പൊലീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് പ്രവീൺ കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംഘം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.വി പ്രദീപൻ സ്വാഗതം പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഭിജിത്, ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ, ജില്ലയിലെ ഡിവൈ.എസ്.പിമാരായ എം. സുനിൽകുമാർ, സി.കെ സുനിൽകുമാർ, വി.വി മനോജ്, വി. ഉണ്ണികൃഷ്ണൻ, അനിൽകുമാർ, കാസർകോട് പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു, ജില്ലയിലെ പൊലീസ് ഇൻസ്‌പെക്ടർമാർ, കെ.പി.എ, കെ.പി.ഒ.എ ഭാരവാഹികൾ, സംഘം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു.
വീട് നിർമ്മാണത്തിനായി എടുത്ത 28 ലക്ഷത്തിന്റെ വായ്പയിൽ ഉണ്ടായിരുന്ന 24.41 ലക്ഷം രൂപയുടെ ബാദ്ധ്യത ഏറ്റെടുത്താണ് വായ്പയ്ക്കായി സംഘത്തിൽ ഈടായി നൽകിയ കിടപ്പാടത്തിന്റെ ആധാരം തിരിച്ചു നൽകിയത്. സെപ്തംബർ 26ന് പുലർച്ചെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കളയിൽ പ്രതിയെ പിടിക്കുന്നതിനായി കാറിൽ സഞ്ചരിക്കവെ അപകടത്തിൽപെട്ടാണ് ബേക്കൽ സബ്ബ് ഡിവിഷൻ ഡാൻസഫ് ടീം അംഗമായ ചെറുവത്തൂർ മയ്യിച്ചയിലെ കെ.കെ സജീഷ് മരണമടഞ്ഞത്.
ഭാര്യക്ക് സർക്കാർ ജോലി ഡ്യൂട്ടിക്കിടയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ചയിലെ കെ.കെ സജീഷിന്റെ ഭാര്യ ഷൈനിക്ക് ജോലി നൽകി കുടുംബത്തെ സംരക്ഷിക്കും. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡി ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയുടെ പരിഗണനക്കായി കൈമാറിയിട്ടുണ്ട്. കുടുംബത്തിന് 30 ലക്ഷം കൂടി പാതിവഴിയിൽ മുടങ്ങിപ്പോയ വീട് പണി വേഗത്തിൽ പൂർത്തിയാക്കാൻ 10 ലക്ഷം രൂപ കൂടി സജീഷിന്റെ കുടുംബത്തിന് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം അനുവദിച്ചിട്ടുണ്ട്. സി.പി.എ.എസ് പദ്ധതി പ്രകാരമാണ് തുക ലഭിക്കുക. ഇത് തിരിച്ചടക്കേണ്ടതില്ല. അംഗങ്ങൾക്കായി സംഘം ഏർപ്പെടുത്തിയ ഇൻഷൂറൻസ് തുകയായി 20 ലക്ഷവും കുടുംബത്തിന് ഉടനെ ലഭിക്കും.