സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: സർവകക്ഷിയോഗം വിളിക്കും

Monday 03 November 2025 12:00 AM IST

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതിനാൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം(എസ്.ഐ.ആർ) നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യം ചർച്ച ചെയ്യാൻ നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിക്കും. ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം.

എസ്.ഐ.ആർ നടപ്പാക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ നിയമോപദേശം തേടുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സുപ്രീംകോടതിയിൽ നിലവിലുള്ള കേസ് പോലും തീരുന്നതിനു മുമ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളാരംഭിച്ചത്. ഇക്കാര്യത്തിൽ പുനഃപരിശോധന വേണം. 2002- 04 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള പരിഷ്‌കരണം അപ്രായോഗികമാണ്. ചുരുങ്ങിയത് അമ്പതു ലക്ഷം പേരെങ്കിലും പട്ടികയിൽ നിന്ന് പുറത്തുപോയി വീണ്ടും നടപടിക്രമങ്ങളിലൂടെ തിരിച്ചു വരേണ്ടി വരും. മഹാരാഷ്ട്രയിൽ എസ്.ഐ.ആർ നിർത്തിവച്ചു. ആ പരിഗണന കേരളത്തിനും വേണം. കേരളത്തിൽ ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും എസ്.ഐ.ആർ നടപ്പാക്കുന്നതിന് എതിരാണ്.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ മുഴുവൻ ജനങ്ങളിലേക്കെത്തുന്നതിന് വലിയ പ്രചാരം നൽകും. നവംബർ പത്തിനകം ഇതുമായി ബന്ധപ്പെട്ട പ്രചാരണ ജാഥകളും പ്രകടനങ്ങളും പൊതുയോഗങ്ങളും പൂർത്തീകരിക്കും. ബാങ്ക് വായ്പയിൽ വീടുകൾ ജപ്തി ചെയ്യുന്നതൊഴിവാക്കാൻ സർക്കാർ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണ നിയമവും സേവനാവകാശ നിയമവും പ്രചരിപ്പിക്കും. എൽ.ഡി.എഫ് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും. പി എം ശ്രീയിൽ മന്ത്രിസഭ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിനുശേഷം മാത്രമേ പ്രതികരിക്കാനുള്ളൂവെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.