വക്കീൽ ഫീസ് നൽകിയില്ല: രാജു നാരായണ സ്വാമിക്ക് വക്കീൽ നോട്ടീസ്

Monday 03 November 2025 1:45 AM IST

ന്യൂഡൽഹി: സുപ്രീംകോടതിയിൽ കേസ് നടത്തിയതിന് കേരളത്തിലെ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി വക്കീലിന് നൽകാനുള്ളത് 3,85,000 രൂപ. പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്ന് വക്കീൽ. ഒടുവിൽ രണ്ടു ശതമാനം പലിശ സഹിതം ഈ തുക നൽകണമെന്ന് ആവശ്യപ്പെട്ട് രാജു നാരായണ സ്വാമിക്ക് വക്കീൽ നോട്ടീസ് അയച്ച് സുപ്രീംകോടതി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ. നോട്ടീസ് അയയ്ക്കുന്നതിന് ചെലവായ 10,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് രാജു നാരായണ സ്വാമി സുപ്രീംകോടതിയിൽ സമർപ്പിച്ച കേസ് നടത്തിയത് അഡ്വ. സുഭാഷ് ചന്ദ്രനാണ്. 2024 ഒക്ടോബർ 22ന് 1,87,000 രൂപയുടെയും, ഇക്കഴിഞ്ഞ മേയിൽ 1,98,000 രൂപയുടെയും ബില്ലുകൾ അയച്ചിരുന്നു. പലതവണ ഫീസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. മോശമായ രീതിയിൽ പ്രതികരിക്കുന്നു.

കേസ് നടത്താൻ ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഫീസ് പലിശസഹിതം നൽകിയില്ലെങ്കിൽ തുടർ നിയമനടപടികളിലേക്ക് പോകും. അഡ്വ. കെ.പി. അനിരുദ്ധ് മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.