മികച്ച നടനാകാൻ മമ്മൂട്ടി,​ വിജയരാഘവൻ,​ ആസിഫ് അലി

Monday 03 November 2025 12:59 AM IST

തിരുവനന്തപുരം: മമ്മൂട്ടി,​ വിജയരാഘവൻ,​ ആസിഫ് അലി.. ഇവരിൽ ആരാകും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുക. പുരസ്‌കാര നിർണയത്തിന്റെ ഫൈനൽ റൗണ്ടിൽ മൂവരും ഇടംപിടിച്ചിട്ടുണ്ട്. ടൊവിനോ തോമസ് (എ.ആർ.എം), ഫഹദ് ഫാസിൽ (ആവേശം) നസ്ലിൻ (പ്രേമലു) എന്നിവരും മികച്ച അഭിനേതാക്കളുടെ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് തൃശൂർ രാമനിലയത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

അതേസമയം,​ മികച്ച നടൻ, നടി, മികച്ച ചിത്രം എന്നിവയുടെ കാര്യത്തിൽ ജൂറിയിൽ അഭിപ്രായ വ്യത്യാസമുണ്ടായതായാണ് സൂചന. ഇന്നു രാവിലെ സമവായമുണ്ടാക്കിയാകും അന്തിമ പട്ടിക തയ്യാറാക്കുക. 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. 'കിഷ്‌കിന്ധാകാണ്ഡ'ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്റെ പ്രകടനം ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മറവി രോഗമുള്ള, അതി സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അനായാസമായാണ് വിജയരാഘവൻ അവതരിപ്പിച്ചത്.

'ലെവൽ ക്രോസ്', 'കിഷ്‌കിന്ധാകാണ്ഡം' എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയെ പരിഗണിക്കുന്നത്. മികച്ച നടിയായി കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. അനശ്വര രാജൻ (രേഖാചിത്രം),ജ്യോതിർമയി (ബോഗെയ്ൻ വില്ല),ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) എന്നിവരുമുണ്ട്.

മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്‌കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നടൻ പ്രകാശ് രാജ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.