തർക്കമില്ലാത്ത ഇടങ്ങളിൽ: കളത്തിലിറങ്ങി സി.പി.എം സ്ഥാനാർത്ഥികൾ

Monday 03 November 2025 12:19 AM IST

കൊല്ലം: തദ്ദേശ സീറ്റിനായി പാർട്ടിയിൽ പിടിവലിയില്ലാത്ത സ്ഥലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് വി‌ജ്ഞാപനം വരുന്നതിന് പിന്നാലെ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കും. അതിന് ശേഷമേ ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണയം തുടങ്ങൂ.

ലോക്കൽ കമ്മിറ്റികൾ പഞ്ചായത്ത് വാർഡ്, നഗരസഭ ഡിവിഷനുകൾ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളുടെ നിർദ്ദേശം തയ്യാറാക്കി ഡിവിഷൻ, വാർഡ് കമ്മിറ്റികൾക്ക് നൽകും. അവിടെ ഉയരുന്ന ചർച്ചകൾ കണക്കിലെടുത്ത് നിർദ്ദേശങ്ങൾ പരിഷ്കരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെ നിർദ്ദേശം ഏരിയാ കമ്മിറ്റികളാകും തയ്യാറാക്കുക. നഗരസഭാ സ്ഥാനാർത്ഥി പട്ടിക ജില്ലാ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമാകും അന്തിമമാക്കുക.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. കളത്തിലിറങ്ങേണ്ട ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിൽ ഈ യോഗത്തിൽ ധാരണയാകും. ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെങ്കിലും കോർപ്പറേഷൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ്, വൈസ് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയുണ്ടാകും.

തുടർച്ചയായി മൂന്നാം ടേമില്ല

 തുടർച്ചയായി രണ്ട് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകില്ല

 വിജയ സാദ്ധ്യതയുള്ള മറ്റ് സ്ഥാനാർത്ഥികളില്ലെങ്കിൽ സഹകരണ ബാങ്ക് ജീവനക്കാർക്ക് മത്സരിക്കാം

 പക്ഷേ അവധിയെടുക്കണം

 ലോക്കൽ, ഏരിയാ സെക്രട്ടറിമാരും മത്സരിക്കാൻ സ്ഥാനമൊഴിയണം

സീറ്റ് വിഭജനം ഈയാഴ്ച

നിലവിലെ ചില സീറ്റുകളിലെ വച്ച് മാറ്റം, പുതുതായി രൂപീകരിച്ച വാർഡുകൾ, ഡിവിഷനുകൾ എന്നിവ പങ്കുവയ്ക്കുന്നത് സംബന്ധിച്ച സീറ്റ് വിഭജന ചർച്ച ഈയാഴ്ച പൂർത്തിയാക്കും. ഇതിന് മുന്നോടിയായുള്ള ഉഭയ കക്ഷി ചർച്ചകൾ തുടങ്ങി.