ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്‌തു. എസ് പി എൻ ശശിധരനാണ് വാസുവിന്റെ മൊഴിയെടുത്തത്. വാസുവിന്റെ പി എ ആയിരുന്ന മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെയാണിത്. ഉദ്യോഗസ്ഥർക്ക് പുറമേ ബോർഡിൽ അധികാരത്തിലിരുന്ന ഉന്നതരിലേക്കും അന്വേഷണം വ്യാപിക്കുന്നു എന്ന് പറയാവുന്ന സൂചനയാണിത്.
അറസ്റ്റിലായ സുധീഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വത്തിലെ മുൻ ഉന്നതോദ്യോഗസ്ഥരെ എസ്‌ഐടി ചോദ്യം ചെയ്യും എന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വാസുവിനെ ചോദ്യം ചെയ്‌തത്. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു എന്നിവരെയും ചോദ്യം ചെയ്യും. ശേഷം ഇവരെ അറസ്റ്റു ചെയ്യാനും സാദ്ധ്യതയുണ്ട്.
2019ൽ ബോർഡ് തീരുമാനം മറികടന്ന് ദ്വാരപാലക ശില്പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയായിരുന്നു. 2020ൽ ഇവർ വിരമിച്ചു. മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു ശില്പപാളികൾ ഇളക്കിക്കൊടുക്കുന്ന സമയം സ്ഥലത്തെത്തി മേൽനോട്ടം വഹിച്ചിരുന്നില്ല.
ഇവർക്കു പിന്നാലെ ശില്പപാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയ അസിസ്റ്റന്റ് എൻജിനിയർ കെ. സുനിൽ കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തി പാളികളുടെ തൂക്കം മഹസറുമായി ഒത്തുനോക്കാത്ത മറ്റൊരു തിരുവാഭരണം മുൻ കമ്മിഷണർ ആർ.ജി. രാധാകൃഷ്ണൻ, തെറ്റായ മഹസർ തയ്യാറാക്കിയ മുൻ എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.രാജേന്ദ്രൻ നായർ എന്നിവരെയും ചോദ്യം ചെയ്യും. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്തശേഷം പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം.