പ്രേംകുമാർ എപ്പോഴും ഇടത് സഹയാത്രികൻ; മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി

Monday 03 November 2025 10:54 AM IST

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിന് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനം മാറ്റിയ വിവരം അറിയിക്കേണ്ടത് സർക്കാരല്ല അക്കാഡമിയാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അസ്വാഭാവികതയില്ല. പ്രേംകുമാർ എല്ലായ്‌പ്പോഴും ഇടത് സഹയാത്രികനാണെന്നും സർക്കാരും പാർട്ടിയും നല്ല പരിഗണന നൽകിയെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയ വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് പ്രേംകുമാർ നേരത്തെ പ്രതികരിച്ചിരുന്നു. 'മൂന്നര വർഷമായി അക്കാഡമിയിൽ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കുന്നതിനിടയിൽ ചുമതലയിൽ നിന്നു മാറ്റുമ്പോൾ ഔദ്യോഗികമായി അറിയിക്കണമായിരുന്നു. പദവി കൈമാറുമ്പോൾ നിലവിലെ ചെയർമാന്റെ സാന്നിദ്ധ്യം വേണമായിരുന്നു. എന്റെ പിൻഗാമി ലോക ചലച്ചിത്ര വേദിയിലെ പ്രമുഖനാണ്. ശബ്ദത്തിന്റെ അനന്തമായ വിസ്മയം തീർത്ത് ഓസ്കാർ നേടിയ ആളാണ്. അദ്ദേഹത്തിന് പദവി കൈമാറുന്നത് എനിക്ക് അഭിമാനമാകുമായിരുന്നു.''- അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും വൈസ് ചെയർപേഴ്സൺ സ്ഥാനം കുക്കു പരമേശ്വരനും ഏറ്റെടുത്തത്. ഗുരുതുല്യർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ പ്രതികരണം.