പുരാണ കഥകളിൽ മഹർഷിമാർ ഉപയോഗിക്കുന്ന വിശിഷ്‌ടമായ വസ്‌തു ഇവിടെ കേരളത്തിലും, കണ്ടത് അയ്യപ്പന്റെ നാട്ടിൽ
Monday 03 November 2025 1:42 PM IST
പന്തളം:ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശത്തുള്ള ഔഷധ തോട്ടത്തിലെ കമണ്ഡലുമരത്തിൽ കായ്കളായി. ക്ഷേത്ര നാലമ്പല കവാടത്തിലെ ഗോപുരവാതിൽ തേക്കുതടിയിൽ നിർമ്മിച്ച് സമർപ്പിച്ച ഇടനാട് സ്വദേശി പുഷ്പകുമാർ ടി.പിള്ള മൂന്ന് വർഷം മുമ്പ് വൃശ്ചികം ഒന്നിന് നട്ട തൈയിലാണ് ഇപ്പോൾ കായ്‌ഫലമായത്.
അടൂരിൽ പുരാവസ്തു മ്യൂസിയം നടത്തുന്ന സന്തോഷ് എത്തിച്ചതായിരുന്നു അപൂർവമായ തൈ. കമണ്ഡലുകായകളുടെ പുറന്തോട് കൊണ്ട് നിർമ്മിച്ചിരുന്ന പാത്രങ്ങൾ ഋഷിമാർ ഉപയോഗിച്ചിരുന്നതായി പുരാണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കരിക്ക്, കമ്പിളി നാരങ്ങ എന്നിവയുടെ രൂപസാദൃശ്യമുള്ളതാണിത്. പുറംതോടുകൾക്ക് വലിയ കട്ടിയുള്ള കായയുടെ അരികളും കൊഴുപ്പ് പോലുള്ള ദ്രാവകവും ചുരണ്ടി മാറ്റി നന്നായി ഉണങ്ങിയ ശേഷം ഉപയോഗിക്കാനാകും. തോട് കരകൗശല വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.