'അവർക്ക് മുന്നിൽ ജയിച്ചുകാണിക്കണം, എല്ലാം നല്ലതുപോലെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു'
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ദിയ കൃഷ്ണ. ദിയയുടെ വിവാഹവും പ്രസവവും ഏറെ ചർച്ചയായിരുന്നു. ദിയയുടെ പ്രസവ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഡെലിവറിക്ക് ശേഷം കുഞ്ഞിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ദിയ പങ്കുവയ്ക്കാറുണ്ട്.
ഗർഭിണിയായിരുന്ന സമയത്ത് മുൻ ജീവനക്കാരിൽ നിന്നും നേരിട്ട ദുരനുഭവം ദിയയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. സ്ഥാപനമായ ഓ ബൈ ഓസിയിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പായിരുന്നു ജീവനക്കാർ നടത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് ദിയ അനുഭവിച്ച സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഭർത്താവ് അശ്വിൻ. ദിയയുടെ പുതിയ കടയുടെ ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അശ്വിൻ ഇക്കാര്യം പറഞ്ഞത്.
ദിയയുടെ രണ്ടാം ജന്മമാണിതെന്ന് അശ്വിൻ പറഞ്ഞു. ഞങ്ങളെ കുറച്ച് പേർ താഴ്ത്താൻ നോക്കി. അവർക്ക് മുന്നിൽ ജയിച്ചു കാണിക്കണമെന്ന വാശി ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് രണ്ടും കൽപ്പിച്ചാണ് പുതിയ കട തുടങ്ങിയത്. എന്താകുമെന്ന് അറിയില്ല. നല്ലതുപോലെ വളർത്തിയെടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഈ വളർച്ചയ്ക്ക് പിന്നിൽ ദിയയാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
'സത്യം എല്ലായ്‌പ്പോഴും വിജയിക്കും. സത്യം നമ്മുടെ ഭാഗത്തുണ്ടെങ്കിൽ ആർക്കും നമ്മളെ അടിച്ചുവീഴ്ത്താൻ സാധിക്കില്ല. കുറച്ച് നാളായിട്ടുള്ള ദിയയുടെ ഹാർഡ് വർക്കാണിത്. ദിയ ഗർഭിണിയായപ്പോൾ തുടങ്ങിയതാണ് പുതിയ കടയുടെ പണി. എല്ലാം നല്ലതുപോലെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദിയയ്ക്ക് വേണ്ടി ജയിക്കണമെന്ന വാശി എനിക്കുണ്ടായിരുന്നു. അത്രയും കഷ്ടപ്പാട് ദിയ നേരിട്ടതിനുള്ള മറുപടിയാണിത്. ആ കേസും കൂടി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതും കൂടിയാകുമ്പോൾ എല്ലാ കാര്യങ്ങൾക്കും ഒരു അവസാനമാകും. ഇത് ദിയയുടെ രണ്ടാം ജന്മമാണ്'- അശ്വിൻ പറഞ്ഞു.