50 ഏക്കര്‍ സ്ഥലം, ഒരുങ്ങുന്നത് കയറ്റുമതി ഉള്‍പ്പെടെ വമ്പന്‍ പദ്ധതി, കോളടിച്ചത് ഈ ജില്ലയ്ക്ക്
തിരുവനന്തപുരം: ഇ-മൊബിലിറ്റി മേഖലയില്‍ വമ്പന്‍ കുതിപ്പിന് തയ്യാറെടുത്ത് കേരളം. സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മാണം ജനുവരിയില്‍ ആരംഭിക്കും. തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് അധികം ദൂരമില്ലാത്ത വിളപ്പിന്‍ശാലയിലാണ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും വ്യാവസായിക മേഖല വന്‍ കുതിപ്പിനാകും സാക്ഷ്യം വഹിക്കുക.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകങ്ങളായ ബാറ്ററികള്‍, മോട്ടോറുകള്‍, ചാര്‍ജിംഗ് സംവിധാനങ്ങള്‍ എന്നിവയുടെ ഗവേഷണം, വികസനം, നിര്‍മ്മാണം എന്നിവയ്ക്കുള്ള സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി ഇ.വി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനെ മാറ്റിയെടുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള മികച്ച അന്തരീക്ഷം ഒരുക്കുന്ന ഇന്‍കുബേഷന്‍ ഹബ് ആയി പ്രദേശത്തെ മാറ്റുകയെന്നതാണ് മറ്റൊരു ലക്ഷ്യം.
ഭാവിയുടെ വികസന സാദ്ധ്യത കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളുടെ ഉത്പാദനം 70% വരെ പ്രാദേശികവല്‍ക്കരിച്ച്, രാജ്യത്തെ ഇ.വി. വ്യവസായത്തില്‍ ഒരു പ്രധാന വിതരണക്കാരായി കേരളത്തെ മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഔട്ടര്‍റിംഗ് റോഡിനോട് ചേര്‍ന്നാകും പദ്ധതി പ്രദേശം സ്ഥിതി ചെയ്യുക. 50 ഏക്കര്‍ സ്ഥലത്തെ 23 ഏക്കര്‍ വിസ്തൃതിയാലാകും പാര്‍ക്ക് സ്ഥിതി ചെയ്യുക.