അടുക്കളപ്പണി മാത്രമല്ല, ലേഖയ്ക്കറിയാം ആശാരിപ്പണിയും!

Tuesday 04 November 2025 12:00 AM IST

ഷിനുവും ലേഖയും

കൊല്ലം: ആശാരി​യായ ഭർത്താവി​നെ സഹായിക്കാൻ ഉളി​യും കൊട്ടുവടി​യും കൈയി​ലെടുത്ത് 37കാരി. വീട്ടി​ലെ സാമ്പത്തി​ക ബുദ്ധി​മുട്ടുകൾക്ക് തന്റേതായ 'കൈസഹായം' നൽകാൻ കൊവി​ഡ് കാലത്താണ് പതി​യെ തട്ടി​യും മുട്ടി​യും പണി​ തുടങ്ങി​യത്. ഇപ്പോൾ, സൈറ്റുകളി​ൽ ഭർത്താവ് ഷി​നുവി​നൊപ്പം കട്ടയ്ക്കുകട്ട നി​ൽക്കുകയാണ് നൂറനാട് പടനിലം പാലമേൽ ലേഖാഭവനത്തിൽ ലേഖ.

കൈത്തഴക്കം വന്നൊരു ആശാരിക്കൊപ്പം നി​ൽക്കാനുള്ള കഴി​വ് ഇതി​നോടകം ലേഖ സ്വന്തമാക്കി​ക്കഴി​ഞ്ഞു. ലേഖയുടെ ഉളി​മൂർച്ചയി​ൽ ഏതു തടി​യും വഴങ്ങും. ഷിനു വീട്ടി​ലി​രുന്ന് ആശാരിപ്പണി​ ചെയ്യുമ്പോൾ ചെറു സഹായങ്ങൾ ചെയ്തുകൊടുത്തി​രുന്നെങ്കിലും അതൊരു ഉപജീവനമാർഗമാക്കി മാറ്റിയത് കൊവി​ഡ് കാലത്താണ്.

മെഷീനുകൾ ഉപയോഗിച്ചുള്ള വർക്കുകളെല്ലാം ഇതിനോടകം പഠിച്ചു. ഇപ്പോൾ പടനിലത്തുള്ള ഒരു കെട്ടിടം വാടകയ്ക്കെടുത്താണ് ഇരുവരും പണി ചെയ്യുന്നത്. ലേഖ ആശാരിപ്പണി ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഷിനു സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പക്ഷേ, നെഗറ്റീവ് കമന്റുകൾ വരാൻ തുടങ്ങിയതോടെ വീഡിയോ ഇടുന്നത് ഒഴിവാക്കി.

ലോക്ക് ഡൗൺ കഴിഞ്ഞതോടെ ആശാരിപ്പണിക്ക് ആളെ കിട്ടാത്ത അവസ്ഥയായി. തന്നെ ജോലിക്ക് വിളിക്കുന്നവരൊന്നും വലിയ സാമ്പത്തിക സ്ഥിതി ഉള്ളവരല്ല. അതിനാൽ അവരിൽ നിന്ന് കണക്കുപറഞ്ഞ് പണം വാങ്ങാനും മനസ് അനുവദിച്ചില്ല. അങ്ങനെയാണ് വീട്ടിൽ ചെറിയ സഹായങ്ങൾ ചെയ്ത് പരിചയമുള്ള ലേഖയെ ഒപ്പം കൂട്ടിയതെന്ന് ഷിനു പറയുന്നു.

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ശ്രീലക്ഷ്മിയും അമ്മ ഓമനയമ്മയും അടങ്ങുന്നതാണ് കുടുംബം. ഷീറ്റ് മേഞ്ഞ ഒറ്റുമുറി വീട്ടിൽ നിന്ന് ചോർച്ചയില്ലാത്ത നല്ലൊരു വീട്ടിലേക്ക് മാറുന്നതാണ് ഇവരുടെ സ്വപ്നം.

ഈ ജോലിക്ക് ഇറങ്ങിയ നാൾ മുതൽ സ്ത്രീകൾക്ക് പറ്റിയ പണിയല്ല ഇതെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പടുത്തുന്നുണ്ട്. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു നീങ്ങുകയാണ്

ലേഖ