അക്ഷരക്കരുത്തുകൊണ്ട് ലഹരിയെ നേരിടാം; 'മുക്ത്യോദയം' ഗ്രന്ഥശാല ഇന്ന് നാടിന് സമർപ്പിക്കും

Tuesday 04 November 2025 12:18 AM IST

കൊല്ലം: സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ കാമ്പയിൻ 'മുക്ത്യോദയം' പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയ ആദ്യ സമ്പൂർണ്ണ ഗ്രന്ഥശാല ആദിച്ചനല്ലൂർ മാമ്പഴത്ത് ഉന്നതിയിൽ (കോളനി) ഇന്ന് നാടിന് സമർപ്പിക്കും. 'അക്ഷരക്കരുത്തുകൊണ്ട് ലഹരിയെ നേരിടുക' എന്ന ആശയം മുൻനിറുത്തി, ആദിച്ചനല്ലൂർ മാമ്പഴത്തെ ഡോ. മുരളി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്ന സംവിധാനങ്ങളോടെ ഒരുക്കുന്ന ആദ്യ ലൈബ്രറിയാണിത്.

പുസ്തക വണ്ടിവഴി ശേഖരിച്ചത്

സിറ്റി പൊലീസ് നടത്തിയ 'മുക്ത്യോദയം പുസ്തക വണ്ടി' വഴിയും പുസ്തക ചലഞ്ച് വഴിയുമാണ് ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ ശേഖരിച്ചത്. പൊതുജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സംഭാവന ചെയ്ത ആയിരം പുസ്തകങ്ങൾ ചേർത്താണ് ആദിച്ചനല്ലൂരിൽ ലൈബ്രറി തുടങ്ങുന്നത്. യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിച്ച് പുസ്തകങ്ങളിലൂടെ പുതിയ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുക എന്നതാണ് 'മുക്ത്യോദയം' ലക്ഷ്യമിടുന്നത്.

ഇന്ന് നാടിന് സമർപ്പിക്കും

ആദിച്ചനല്ലൂർ മാമ്പഴത്ത് ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിൽ സജ്ജമാക്കിയ ലൈബ്രറി ഇന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പുസ്തക സമർപ്പണം നടത്തും. ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചൻ മുഖ്യ അതിഥിയാകും. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.സജിനാഥ്, സജിത രംഗകുമാർ, ഡോ.എം.പുരുഷോത്തമൻ പിള്ള, ഡോ.എം.എസ്.ഉണ്ണിക്കൃഷ്ണൻ, മുക്ത്യോദയം കൗൺസിലർ ഡോ.അനിത സുനിൽ എന്നിവർ സംസാരിക്കും.

മുക്ത്യോദയം

  • സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ മുൻകൈയെടുത്താണ് മുക്ത്യോദയം എന്ന ലഹരിവിരുദ്ധ കാമ്പയിൻ ഒരുക്കിയെടുത്തത്.
  • യുവ തലമുറയെ, വിദ്യാർത്ഥികളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കുക, പുസ്തകങ്ങളിലൂടെ, ചർച്ചകളിലൂടെ അവരെ പുതിയ ലക്ഷ്യങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് മുക്ത്യോദയം ലക്ഷ്യമിട്ടത്.
  • കുട്ടികളുടെ ശാരീരിക, മാനസിക, ആരോഗ്യ, വിദ്യാഭ്യാസ, കരിയർ നേട്ടങ്ങൾകൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
  • പൊലീസിനൊപ്പം എക്സൈസ് വിമുക്തി, ജില്ലാ മെന്റൽ ഹെൽത്ത് പ്രോജക്ട്, ക്യു.എസ്.എസ്.എസ്, ശിശുക്ഷേമ സമിതി, ഡി.സി.പി.യു എന്നിവയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നതി കൂട്ടായ്മകളുമൊക്കെ പദ്ധതിയ്ക്കൊപ്പം ചേർന്നു
  • . ഉന്നതികൾ കേന്ദ്രീകരിച്ചാണ് ലൈബ്രറികൾ സ്ഥാപിക്കുന്നത്. അതിനായി ഇനിയും പുസ്തകവണ്ടി ഓടും.