ശുഭയാത്ര ടിക്കറ്റിൽ മാത്രം!

Tuesday 04 November 2025 12:21 AM IST
പി.പ്രഭാകുമാരി

കൊല്ലം: റെയിൽവേ ടിക്കറ്റിന് പുറത്ത് ശുഭയാത്രയെന്ന കുറിപ്പ് വായിച്ച് ആശ്വാസത്തോടെ ട്രെയിനിൽ കയറുന്നവർക്ക് പലപ്പോഴും ഉള്ളിൽ തീയാണ്. ഓരോ തരത്തിൽ ബുദ്ധിമുട്ടിക്കാൻ പലരും ഓടിക്കയറാറുണ്ട്. സ്ത്രീകളാണ് കൂടുതലും ഭയക്കുന്നത്. ജനറൽ കമ്പാർട്ടുമെന്റിലെ ട്രെയിൻ യാത്ര തീർത്തും മോശമാണ്. കൊല്ലത്ത് നിരവധിയായ പരാതികൾ ഇത്തരത്തിൽ വരുന്നുണ്ടെന്നാണ് റെയിൽവേ പൊലീസും ആർ.പി.എഫും പറയുന്നത്.

നഗ്നത പ്രദർശനം, പരസ്യ മദ്യപാനം, മറ്റ് ലഹരികളുടെ ഉപയോഗം, പരിസര ബോധമില്ലാതെ പ്രവർത്തിക്കുന്ന കമിതാക്കൾ തുടങ്ങി പരാതികളുടെ പട്ടിക നീളും. എന്നാൽ മിക്കതിനും കേസെടുക്കാൻ കഴിയാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പരാതിക്കാർ ട്രെയിനിൽ വച്ച് വിളിച്ച് പറയാറുണ്ടെങ്കിലും നേരിട്ട് മൊഴി കൊടുക്കാൻ തയ്യാറാകാറില്ല. അതുകൊണ്ടുതന്നെ കേസെടുക്കാനോ, പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷാ നടപടികൾ കൈക്കൊള്ളാനോ കഴിയാറുമില്ല. പരാതികൾ രേഖാമൂലം ലഭിച്ചില്ലെങ്കിലും ചിലരെ അറസ്റ്റ് ചെയ്യാറുണ്ട്. ചെറിയ പെറ്റികൾ നൽകി വിട്ടയയ്ക്കുകയാണ് പതിവ്.

ആദ്യമായി യാത്ര ചെയ്യുന്നവർ വല്ലാതെ ഭയപ്പെടും. മദ്യപന്മാരുടെ ശല്യം കൂടുതലാണ്. ട്രെയിനിൽ ടിക്കറ്റ് കാൻസൽ ചെയ്ത് കെ.എസ്.ആർ.ടി.സി ബസിൽ തിരികെ മടങ്ങേണ്ട സ്ഥിതിയുമുണ്ടായി. യാത്രകൾ സുരക്ഷിതമാകണം.

പി.പ്രഭാകുമാരി, ആശാവർക്കർ,

കവയിത്രി, കുളക്കട