പാട്ടു തന്നവർക്ക് നന്ദി: ഹരിശങ്കർ
Tuesday 04 November 2025 12:33 AM IST
തിരുവനന്തപുരം: 'പാട്ടു തന്നവർക്കും പാട്ടു കേട്ടവർക്കും നന്ദി'- ആദ്യത്തെ സംസ്ഥാന അവാർഡ് നേട്ടം അറിഞ്ഞപ്പോൾ ഗായകൻ കെ.എസ്.ഹരിശങ്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
എ.ആർ.എമ്മിലെ പൂവേ... പൂവേ...എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു പുരസ്കാരം. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ, സംഗീതം ഒരുക്കിയ ദിബു നൈനാൻ തോമസ്, നായകൻ ടൊവീനോ തോമസ് ....അങ്ങനെ എല്ലാവരോടും നന്ദിയുണ്ട്. ടൊവീനോയ്ക്കു വേണ്ടി നിരവധി ഗാനങ്ങൾ പാടിയത് നേട്ടമായി കാണുന്നു.
അവാർഡ് പ്രതീക്ഷിച്ചില്ല. മുമ്പൊക്കെ പ്രതീക്ഷിക്കുമായിരുന്നു. പിന്നെ പ്രതീക്ഷ വിട്ടു. സംഗീതം പഠിക്കാൻ പ്രചോദനമായ അച്ഛൻ ശ്രീകുമാറിന് അവാർഡ് സമർപ്പിക്കുന്നുവെന്ന് ഹരിശങ്കർ പറഞ്ഞു. എം.ജി.രാധാകൃഷ്ണൻ, എം.ജി.ശ്രീകുമാർ എന്നിവരുടെ സഹോദരി ഓമനക്കുട്ടിയുടെ ചെറുമകനാണ് ഹരിശങ്കർ.