ഈ രണ്ടിടങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് വില വെറും പത്ത് രൂപയിൽ താഴെ
ഇന്ത്യയിൽ സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധന. എന്നാൽ, ലോകത്ത് ആറ് രാജ്യങ്ങളിൽ 30 രൂപയ്‌ക്ക് താഴെ മാത്രമാണ് ഒരു ലിറ്റർ പെട്രോളിന് വില. അതിൽ തന്നെ ലാറ്റിനമേരിക്കയിലെ വെനസ്വലേയിൽ വെറും 1.78 രൂപയ്‌ക്ക് ഒരു ലിറ്റർ പെട്രോൾ ലഭിക്കും.
ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദ്യ അറേബ്യയാണെങ്കിലും ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഭൂമിക്കടിയിലുള്ള രാജ്യം വെനസ്വലേയാണ്. അമേരിക്കയുടെ ഉപരോധം നിലനിൽക്കുന്നതിനാലാണ് വെനസ്വലേയ്‌ക്ക് കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയാത്തത്.
ക്രൂഡ് ഓയിൽ സംസ്കരിച്ചാണ് പെട്രോൾ, ഡീസൽ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നത്. ക്രൂഡ് ഓയിൽ വിൽപ്പനയിലൂടെയാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. എന്നാൽ എണ്ണയുടെ ലഭ്യത സുലഭമായിരുന്നിട്ടും ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങളെടുത്താൽ ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ ഒരു ഗൾഫ് രാജ്യവുമില്ല എന്നതാണ് സത്യം.
വെനസ്വലേ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ വിൽക്കുന്നത് ഇറാനിലാണ്. ഇവിടെ 7.99 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. എന്നാൽ ഇവിടെയും അമേരിക്കയുടെ ഉപരോധം നിലനിൽക്കുന്നത് പ്രതിസന്ധിയാകുന്നു. ഇറാന്റെ കറൻസിക്കും മൂല്യം വളരെ കുറവാണ്. കുറഞ്ഞ വിലയിൽ എണ്ണ വിൽക്കുന്ന മൂന്നാമത്തെ രാജ്യമാണ് സുഡാൻ. 12.43 രൂപയാണ് സുഡാനിൽ ഒരു ലിറ്റർ പെട്രോളിന് വില.
കിഴക്കൻ രാജ്യമായ മലേഷ്യയിൽ 24.86 രൂപയും ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ 25.75 രൂപയുമാണ് ഒരു ലിറ്റർ പെട്രോളിന് വില. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 28.41 രൂപ, പശ്ചിമേഷ്യയിലെ അൾജീരിയയിൽ 29.30 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന് വില. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ യഥാക്രമം 30.19 രൂപ, 31.96 രൂപ, 34.63 രൂപ എന്നിങ്ങനെയാണ് പെട്രോൾ വില.
ഇന്ത്യയിൽ 100 രൂപയ്‌ക്ക് മുകളിലാണ് ഒരു ലിറ്റർ പെട്രോളിന് വില. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് കൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്.