സർവകലാശാലയുടെ പതിമൂന്നാം സ്ഥാപകദിനത്തിൽ മലയാള ഭാഷാവാരാചരണ പരിപാടി സംഘടിപ്പിച്ചു

Tuesday 04 November 2025 1:45 AM IST

തിരൂർ: പാഠ്യകേന്ദ്രീകൃത സർവകലാശാല എന്നതിനപ്പുറം പ്രാദേശിക ജ്ഞാന വ്യവഹാരത്തിൻ്റെ പരിപോഷണത്തിന് കൃത്യമായ ഇടപെടലുകൾ നടത്തുന്നവയാകണം പൊതു സർവകലാശാലകൾ എന്നും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അത്തരം പ്രവർത്തനങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് എന്നും വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് പറഞ്ഞു. സർവകലാശാലയുടെ പതിമൂന്നാം സ്ഥാപകദിനത്തിൽ മലയാള ഭാഷാവാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലയ്ക്ക് ലഭ്യമായ സ്ഥലത്ത് അക്കാദമിക കെട്ടിടത്തിനോടൊപ്പം പൈതൃകപാരിസ്ഥിതിക പ്രായോഗിക മ്യൂസിയം ആരംഭിക്കാനുള്ള പദ്ധതികളും വൈസ് ചാൻസലർ പ്രഖ്യാപിച്ചു.

ഭാഷാപ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ ഭാഷിണി ഭാഷാദാൻ പ്രഖ്യാപനവും വൈസ് ചാൻസലർ നിർവഹിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. കെ. എം. ഭരതൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു.എ.സി ഡയറക്ടർ ഡോ. കെ.എം. അനിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. എം.ജി. മല്ലിക , ഡോ. കെ.എസ്. രാഗിണി, ഡോ. സ്മിത കെ.നായർ, എം.പി ദിലീപ്, കെ.എസ്. കൃഷ്ണ , സി. അഭിജിത്ത് എന്നിവർ സംസാരിച്ചു.