ജാമ്യ വ്യവസ്ഥയിൽ ഇളവ്: വേടന് വിദേശത്ത് പോകാൻ അനുമതി

Tuesday 04 November 2025 3:40 AM IST

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിച്ചെന്ന കേസിലും റാപ്പ് ഗായകൻ വേടന്റെ (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യ വ്യവസ്ഥ ഹൈക്കോടതി ഭേദഗതി ചെയ്തു. കോടതിയുടെ അനുമതിയില്ലാതെ വിദേശത്ത് പോകരുതെന്ന വ്യവസ്ഥ ഒഴിവാക്കി. വിദേശത്ത് സംഗീതപരിപാടികൾക്ക് ക്ഷണം ലഭിച്ച സാഹചര്യത്തിൽ വേടൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. ഗവേഷണ വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന കേസിലെ ജാമ്യവ്യവസ്ഥയിൽ കഴിഞ്ഞദിവസം ഹൈക്കോടതി ഇളവു നൽകിയിരുന്നു. ഇതോടെ വേടന് വിദേശപര്യടനത്തിനുള്ള തടസങ്ങൾ നീങ്ങി.

വനിതാ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കാക്കനാട് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ യന്ത്രണങ്ങൾ തുടരേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

എന്നാൽ, കുറ്റം ചുമത്തലിനും വിചാരണയ്‌ക്കും പ്രതി ഹാജരാണെന്ന് ഉറപ്പുവരുത്താൻ പുതിയ വ്യവസ്ഥ ചേർത്തു. ഓരോ വിദേശയാത്രയ്‌ക്കും ഒരാഴ്ച മുമ്പ് വേടൻ യാത്രാ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകണം. പാസ്പോർട്ട് വിവരങ്ങൾ, വിദേശത്ത് ഉപയോഗിക്കുന്ന ഫോൺ നമ്പർ, സഞ്ചരിക്കുന്ന റൂട്ട്, തങ്ങുന്ന ഇടങ്ങൾ എന്നിവ വിശദീകരിച്ച് സത്യവാങ്മൂലം നൽകുകയും വേണം.