പ്രഥമ നെഹ്രു സെന്റർ അവാർഡ് ജി.സുധാകരന്

Tuesday 04 November 2025 2:47 AM IST

തിരുവനന്തപുരം: നെഹ്രു സെന്ററിന്റെ പ്രഥമ നെഹ്രു അവാർഡിന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി .സുധാകരനെ തിരഞ്ഞെടുത്തു. നവംബർ 14ന് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടക്കുന്ന നെഹ്രു ജയന്തി സമ്മേളനത്തിൽ അവാർഡ് നൽകും. ജനാധിപത്യ മതേതര നിലപാടുകളിൽ അടിയുറച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവെന്ന നിലയ്ക്കാണ് പ്രഥമ നെഹ്രു അവാർഡിന് ജി.സുധാകരനെ തിരഞ്ഞെടുത്തത്.

നെഹ്രു ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ കോളേജ് ഡിബേറ്റിംഗ് മത്സരം നവംബർ 13ന് നടക്കും. സ്‌കൂൾ കുട്ടികൾക്കുള്ള ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ജയന്തി സമ്മേളനത്തിൽ വിതരണം ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റും നെഹ്രു സെന്റർ ചെയർമാനുമായ എം.എം. ഹസന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ. ജെ.പ്രഭാഷ്,ഡോ. എം.ആർ. തമ്പാൻ,ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ,പി.എസ്. ശ്രീകുമാർ എന്നിവർ സംസാരിക്കും.