സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ട; പിടികൂടിയത് ആറരക്കോടിയുടെ ലഹരി
Tuesday 04 November 2025 6:58 AM IST
കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
ബാഗിൽ ചെറിയ പാക്കറ്റുകളിലായി ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആറരക്കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. വിമാനത്താവളത്തിൽ ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഉടൻ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.