പാക് ജേഴ്‌സിയണിഞ്ഞ് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് ആരാധകൻ; വനിതാ ലോകകപ്പ് വിജയത്തിനിടെ വൈറലായി യുവാവ്

Tuesday 04 November 2025 8:34 AM IST

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിതാ ലോകകപ്പ് ഫൈനലിനിടെ ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്ന പാക് ആരാധകന്റെ വീഡിയോ വൈറലാവുന്നു. പാകിസ്ഥാൻ ജേഴ്‌സി ധരിച്ച ആരാധകൻ ഫൈനലിന് മുമ്പ് ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അർഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവ് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

'ഇന്ത്യ വേഴ്‌സസ് ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിന് മുമ്പ് സുനിധി ചൗഹാൻ ഇന്ത്യൻ ദേശീയഗാനം ആലപിക്കുന്ന അഭിമാനകരമായ നിമിഷം! എവിടെയും രോമാഞ്ചം മാത്രം. നീല നിറത്തിലെ നമ്മുടെ സ്ത്രീകൾക്കായി ഉച്ചത്തിൽ ആർപ്പുവിളിക്കാം - കപ്പ് വീട്ടിലേക്ക് കൊണ്ടുവരിക'- എന്നീ അടിക്കുറിപ്പോടെ അർഷാദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് കയ്യടികൾ ഏറ്റുവാങ്ങുന്നത്.

മുംബയ് ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രമെഴുതിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 298 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 246ൽ ഇന്ത്യൻ പെൺപട തളച്ചു. ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സെമിക്ക് മുമ്പ് ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റപ്പോൾ വിളിച്ചുവരുത്തിയ ഷഫാലി വെർമ്മയുടെയും ദീപ്തി ശർമ്മയുടെയും ആൾറൗണ്ടർ പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.