"പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണ്"

Tuesday 04 November 2025 9:55 AM IST

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച ഗാനരചയിതാവായി റാപ്പർ വേടനെയാണ് തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോൻ.

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് ഇന്ദു മേനോൻ വിമർശിച്ചു. അക്കാഡമികളുടെ സംസ്‌കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

വേടന് പുരസ്‌കാരം നൽകിയതിനെതിരെ ഇന്നലെ സംവിധായകൻ കെ പി വ്യാസനും രംഗത്തെത്തിയിരുന്നു. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായികാനായകന്മാർ എന്തുമാത്രം ബഹളം വച്ചേനെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നെ പറയാനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാഡമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വിവിധ വേദികൾ കൊടുക്കുക ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക. മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ച് നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും ആഹാ അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ.