തിരുവനന്തപുരം പേട്ടയിൽ കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ; കണ്ടെത്തിയത് ബാങ്കിന് മുന്നിൽ
തിരുവനന്തപുരം: പേട്ട എസ്‌ബിഐ ബാങ്കിന് മുന്നിൽ കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ. എസ് എൻ നഗറിൽ അശ്വതി വീട്ടിൽ മാധവൻ അജയ കുമാർ (74) എന്നയാളാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. സംശയം തോന്നിയ ജീവനക്കാരിയും വഴിയെ പോയ ഒരാളും കാറിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല.
വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാർ പറയുന്നു. എന്നാൽ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗൾഫിൽ എൻജീനിയർ ആയിരുന്നു മാധവൻ അജയ കുമാർ. 12 വർഷമായി നാട്ടിൽ തന്നെയാണ്. ഇന്നലെ രാവിലെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് വിവരം. ബന്ധുക്കളുടെ വീട്ടിൽ പോയിയെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. ഭാര്യ: പരേതയായ ലേഖ, മക്കൾ: ആകാശ്, ആശ്വതി.