പ്രവാസികൾ സൂക്ഷിക്കൂ; തിരക്കിനിടയിൽ മക്കളുടെ മാറ്റം കാണാതെപോകരുത്, ഉപകാരം ഉപദ്രവമായേക്കാം
അബുദാബി: ടെലിവിഷൻ മുതൽ സ്‌മാർട്ട്‌ഫോണുകൾ വരെ സാങ്കേതിക വിദ്യ ആഴത്തിൽ വേരൂന്നിയ ലോകത്താണ് ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്ക് പ്രകാരം 12 വയസോ അതിൽ താഴെയോ മാത്രം പ്രായമുള്ള നാലിൽ ഒരു കുട്ടിക്ക് സ്വന്തമായി സ്‌മാർട്ട് ഫോൺ ഉണ്ടെന്നാണ്. മാതാപിതാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്.
12 വയസിന് താഴെയുള്ള കുട്ടികളിൽ 68 ശതമാനവും ടാബ്‌ലെറ്റാണ് ഉപയോഗിക്കുന്നത്. 61 ശതമാനം പേർ സ്‌മാർഫോൺ ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ കുട്ടികൾ പോലും ഡിജിറ്റൽ ലോകത്ത് സജീവമാണ്. രണ്ട് വയസിന് താഴെയുള്ള തന്റെ കുട്ടി സ്‌മാർട്ട് ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് 60 ശതമാനം രക്ഷിതാക്കളും പറയുന്നത്.
മാത്രമല്ല, ഇപ്പോഴുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം ചിന്തിക്കാൻ പോലും കഴിയാത്ത വേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. യുഎഇയിലെ കുടുംബങ്ങളിലാണ് ഇത്തരത്തിൽ കുട്ടികളുടെ ഫോൺ ഉപയോഗം കൂടുതലുള്ളത്. മാതാപിതാക്കൾ ജോലി ചെയ്യുന്ന സമയം കുട്ടികൾ ഒരിടത്ത് സമാധാനമായി ഇരിക്കാനാണ് പലരും ഫോൺ കൊടുക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം പല കുട്ടികളും ഒറ്റപ്പെടാറുണ്ട്. ഈ സമയത്താണ് ഇവർ ഫോണിനെയും ടിവിയെയും ആശ്രയിക്കുന്നത്. പ്രവാസികളുടെ കുട്ടികളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വലിയ രീതിയിൽ അനുഭവിക്കുന്നത്.
എന്നാൽ, ദോഷങ്ങൾ മാത്രമല്ല, പല കുട്ടികളിലും നല്ല കാര്യങ്ങൾ കൂടി സംഭവിക്കാറുണ്ട്. പവർപോയിന്റ് പ്രസന്റേഷൻ, പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്‌ടുകൾ സ്വന്തമായും ക്രിയാത്മകമായും ചെയ്യുക തുടങ്ങിയ കഴിവുകളുണ്ടാകുന്നു. യുഎഇയിലെ അദ്ധ്യാപകരും ഈ മാറ്റം ശ്രദ്ധിക്കുന്നുണ്ട്. പൂർണമായും മാറ്റാൻ കഴിയില്ലെങ്കിലും കുട്ടികളെ ദോഷമായി ബാധിക്കാത്ത രീതിയിൽ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരിക്കലും കുട്ടികളെ മണിക്കൂറുകളോളം ഫോൺ അല്ലെങ്കിൽ ടിവിയോ കാണാൻ അനുവദിക്കരുത്. എല്ലാത്തിനു കൃത്യമായ നിയന്ത്രണം വയ്‌ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.