'അവാർഡ് നൽകാൻ പാകത്തിനെത്തിയില്ല'; കുട്ടികളുടെ സിനിമയ്ക്ക് പുരസ്‌കാരം നൽകാത്തതിൽ പ്രതികരിച്ച് മന്ത്രി

Tuesday 04 November 2025 12:29 PM IST

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് നൽകാത്തതിൽ ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയം ജൂറിയുമായി സംസാരിച്ചുവെന്നും പുരസ്‌കാരം നൽകാൻ പാകത്തിന് സിനിമകൾ എത്തിയില്ലെന്നായിരുന്നു ജൂറി വിലയിരുത്തിയതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രഖ്യാപിച്ച പുരസ്‌‌കാരങ്ങൾ സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതികളില്ലാത്ത ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ടത് കുഞ്ഞുങ്ങൾക്കാണ്. ഇക്കാര്യത്തെക്കുറിച്ച് പ്രകാശ് രാജിനോട് ചോദിച്ച് മനസിലാക്കി.

നാല് സിനിമകൾ ഇക്കൊല്ലത്തെ പുരസ്‌കാരത്തിനായി വന്നിരുന്നു. അതിൽ രണ്ട് സിനിമകൾ അവസാന ലാപ്പിലെത്തി. നിയമാവലി അനുസരിച്ച് കൃത്യമായ മുൻഗണന നൽകേണ്ടതുണ്ട്. എന്നാൽ ക്രിയേറ്റീവ് ആയ സിനിമയായി ആ രണ്ട് സിനിമകളെയും ജൂറി കണ്ടില്ല. അവാർഡ് കൊടുക്കാൻ പാകത്തിന് ആ സിനിമകൾ എത്തിയില്ല എന്ന വിലയിരുത്തൽ നടത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു. ആകെ വന്ന 137 ചിത്രങ്ങളിൽ പത്ത് ശതമാനം മാത്രമാണ് ക്വാളിറ്റിയുള്ളതെന്നാണ് ജൂറിയുടെ വിലയിരുത്തൽ. വളരെ മൂല്യമുള്ളതായി മലയാള സിനിമയെ മാറ്റേണ്ടതുണ്ടെന്ന നിർദേശമാണ് അവർ മുന്നോട്ടുവച്ചത്.

കുട്ടികളെ സത്യത്തിൽ മലയാള സിനിമ അതിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തി ക്രിയേറ്റീവ് ആയി കൊണ്ടുവരാൻ ശ്രമിച്ചില്ല. സർക്കാർ ഈ കാര്യത്തിൽ ഇടപെടണം. കുട്ടികളുടെ സിനിമ പ്രമോട്ട് ചെയ്യാൻ ബോധപൂർവം ശ്രമിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു. ക്രിയേറ്റീവ് ആയ സിനിമ വന്നാൽ അതിനെ സർക്കാർ കൂടി പിന്തുണ നൽകി അടുത്ത പുരസ്‌കാരദാനം വരുമ്പോൾ കുട്ടികളുടെ സിനിമയ്ക്ക് പുരസ്‌കാരം നൽകുന്ന തരത്തിലാക്കി മാറ്റാനേ ഇനി കഴിയൂ. അക്കാര്യത്തിൽ നിലപാട് എടുക്കും. സിനിമാ മേഖലയിലെ ബന്ധപ്പെട്ടവരുമായി ഉടൻ യോഗം വിളിക്കും. അതിൽ ന‌ടപടിയുണ്ടാവും'- മന്ത്രി വ്യക്തമാക്കി.