സ്വർണമോ പണമോ വേണ്ട, പക്ഷേ; വരൻ മുന്നോട്ടുവച്ച നിബന്ധനകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചുപോകും

Tuesday 04 November 2025 3:51 PM IST

വിവാഹം എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് പല സങ്കൽപ്പങ്ങളും കാണും. ചിലർക്ക് നന്നായി അണിഞ്ഞൊരുങ്ങി, സ്വർണത്തിൽ കുളിച്ച് നിൽക്കാനായിരിക്കും ആഗ്രഹം. സ്വർണത്തിന്റെ കാര്യത്തിൽ മാത്രമല്ല വിവാഹ വസ്ത്രവും സേവ് ദ ഡേറ്റും അടക്കമുള്ള കാര്യങ്ങളിലെല്ലാം സങ്കൽപങ്ങളുണ്ടാകും. ഒരു വരൻ വധുവിന് മുന്നിൽവച്ച ചില നിബന്ധനകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സ്ത്രീധനമായി സ്വർണമോ പണമോയൊന്നും യുവാവ് ആവശ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഇന്നത്തെക്കാലത്ത് കേൾക്കുമ്പോൾ അമ്പരന്നുപോകുന്ന പലതുമാണ് യുവാവിന്റെ നിബന്ധനകൾ. പത്ത് ഡിമാൻന്റുകളാണുള്ളത്. പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് പാടില്ലെന്നാണ് ആദ്യത്തെ ഡിമാന്റ്.

വിവാഹത്തിന് വധു സാരി ധരിക്കണം, ലഹങ്ക പാടില്ലെന്നാണ് അടുത്ത നിർദേശം. ഉച്ചത്തിലുള്ള പാട്ടുകൾ പാടില്ല, പകരം വാദ്യോപകരണങ്ങളാകാം. മാലയിടുന്ന സമയത്ത്, വധുവും വരനും മാത്രമേ വേദിയിൽ ഉണ്ടാകാവൂ. ചടങ്ങിൽവച്ച് ആരെങ്കിലും നവദമ്പതികളെ എടുത്തുയർത്താൻ ശ്രമിച്ചാൽ അവരെ പുറത്താക്കുമെന്നും വരൻ വ്യക്തമാക്കി.

'പുരോഹിതൻ വിവാഹ ചടങ്ങുകൾ ആരംഭിച്ചുകഴിഞ്ഞാൽ, ആരും അദ്ദേഹത്തെ തടസപ്പെടുത്തരുത്. പ്രത്യേകിച്ച് ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ തുടങ്ങിയവർ. അവർ ദൂരെ നിന്ന് നിശബ്ദമായി ഫോട്ടോകൾ എടുക്കണം. ഇത് ഒരു പവിത്രമായ ചടങ്ങാണ്, ഫിലിം ഷൂട്ട് അല്ല. ഫോട്ടോഗ്രാഫർമാർ നിർദ്ദേശിക്കുന്നതുപോലെ വധൂവരന്മാർ ക്യാമറയ്ക്ക് മുന്നിൽ അസ്വാഭാവികമായി പോസ് ചെയ്യില്ല.

വിവാഹ ചടങ്ങുകൾ പകൽ തീരണം. വൈകുന്നേരത്തോടെ ബിഡായി (വിടവാങ്ങൽ) പൂർത്തിയാക്കണം. രാത്രി വൈകിയുള്ള ഭക്ഷണം (ഇത് പലപ്പോഴും ഉറക്കമില്ലായ്മ, അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുന്നു) അതിഥികൾക്ക് അസൗകര്യം ഉണ്ടാക്കില്ല. കൃത്യസമയത്ത് സുഖമായി വീട്ടിലേക്ക് മടങ്ങാൻ കഴിയും. നവദമ്പതികളെ പരസ്യമായി കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ ആവശ്യപ്പെടുന്നവരെ ഉടൻ തന്നെ വേദിയിൽ നിന്ന് പുറത്താക്കും'- വരൻ കൂട്ടിച്ചേർത്തു.

വരന്റെ ഡിമാൻന്റുകൾ ചിലർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനുതാഴെ രസകരമായ കമന്റുകളാണ് വരുന്നത്. 'ഈ വ്യവസ്ഥകളെല്ലാം അംഗീകരിക്കുന്ന ഒരു വധുവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ വരൻ എന്നെന്നേക്കുമായി അവിവാഹിതനായി തുടരും.'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.